Spread the love

കൊച്ചി : കളമശേരിയിൽ സ്പായിൽ ജോലി അന്വേഷിച്ചു എത്തിയ മുൻ അധ്യാപികയായ യുവതിയെ ലഹരി നൽകി പീഡിപ്പിച്ച സംഭവത്തിൽ രണ്ടു പേർ കൂടി പിടിയിൽ. രണ്ടാം പ്രതി വയനാട് സ്വദേശി അമ്മു എന്ന ശരണ്യ, ഇവരുടെ സുഹൃത്ത് മൂന്നാം പ്രതി സഞ്ജു എന്നിവരാണ് ഇന്നു രാവിലെ പിടിയിലായത്. വയനാട്ടുനിന്നുമാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

അതേസമയം കേസിൽ സ്പാ നടത്തിപ്പുകാരനും ഒന്നാം പ്രതിയുമായ ആലപ്പുഴ കാർത്തികപ്പിള്ളി ഇരിക്കാവ് എസ്ആർ നിവാസിൽ ശ്രീരാജ്, നാലാം പ്രതി തൃക്കാക്കര തേവയ്ക്കൽ കുതിരപ്പറമ്പിൽ ജിത്ത് മാർട്ടിൻ എന്നിവർ തിങ്കളാഴ്ച പിടിയിലായിരുന്നു. ശ്രീരാജും ജിത്തും അമ്മുവുമാണ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്. അമ്മുവാണ് ക്രൂരമായി പീഡിപ്പിച്ചതെന്നാണ് യുവതി മൊഴി നൽകിയിരുന്നത്.

ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നൽകിയ പരസ്യം കണ്ടാണ് യുവതി സ്പാ ജോലിക്കായി പ്രതികളെ സമീപിക്കുന്നത്. തുടർന്ന് ഇന്റർവ്യൂവിന് ശേഷം താൻ സെലക്ട് ആയി എന്ന് പറഞ്ഞ് വീണ്ടും വിളിച്ചുവരുത്തുകയായിരുന്നു. ഇടപ്പള്ളിയിലെ ലോഡ്ജിലെത്തിച്ച യുവതിക്ക് ഐസ് ക്രീമിൽ മയക്കുമരുന്ന് കലർത്തി നൽകി അബോധാവസ്ഥയിലാക്കിയ ശേഷമായിരുന്നു പീഡനം.

ലഹരിയുടെ സ്വാധീനത്തിൽ അബോധാവസ്ഥയിലായ യുവതിയെ രാത്രി മുഴുവൻ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പ്രതികൾ മാറിമാറി മൃഗീയമായി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ ബോധം ഭാഗികമായി തിരിച്ചുകിട്ടിയപ്പോഴാണ് താൻ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായ വിവരം യുവതി തിരിച്ചറിയുന്നത്. അതേസമയം പീഡനത്തിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതികൾ തടഞ്ഞുവെന്നും ബിയർ കുപ്പി തല്ലിപ്പൊട്ടിച്ച് കൈ മുറിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് രക്ഷപ്പെട്ടത്.

തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.