വാഷിങ്ടൻ: ന്യൂയോർക്കിൽ ട്രാക്കിൽ ഇരിക്കുകയായിരുന്ന ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും ട്രെയിനിടിച്ച് മരിച്ചു. ലോവർ മാൻഹട്ടനിലെ ഒരു സ്റ്റേഷനിലായിരുന്നു അപകടം. ന്യൂജഴ്സി സ്വദേശികളായ മലൈക ചിത്ര (24), നേപ്പാൾ വംശജനായ നവം കൗൾ (24) എന്നിവരാണ് മരിച്ചത്.
അതേസമയം അപകടത്തിന് തൊട്ടുമുമ്പ് ഇരുവരും റെയിൽപാളത്തിൽ ഇരുന്ന് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ട്രാക്കിൽ രണ്ടുപേരെ കണ്ടതിനെ തുടർന്ന് ട്രെയിൻ ഓപ്പറേറ്റർ അടിയന്തര ബ്രേക്ക് പ്രയോഗിച്ചെങ്കിലും ട്രെയിൻ നിർത്താനായില്ലെന്നാണ് പൊലീസ് വിവരമെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ഇടിയുടെ പിന്നാലെ ട്രെയിൻ സ്റ്റേഷനിൽ നിർത്തി. ഏകദേശം നൂറോളം യാത്രക്കാരെ ട്രെയിനിൽനിന്ന് സുരക്ഷിതമായി പുറത്തിറക്കി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ന്യൂജഴ്സിയിൽ താമസിച്ചിരുന്ന ഇരുവരും എന്തിനാണ് സ്റ്റേഷനിലെത്തിയതെന്നും അപകടസമയത്തെ സാഹചര്യങ്ങളുമാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇരുവരും മദ്യപിച്ചിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്. ആത്മഹത്യാ സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ലെങ്കിലും ഇതുവരെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല.
ഫാർമസ്യൂട്ടിക്കൽ ഓപ്പറേഷൻസ് സ്പെഷലിസ്റ്റായി ജോലി ചെയ്തിരുന്ന മലൈകയും ഡേറ്റ അനലിസ്റ്റായ നവം കൗളും റട്‌ജേഴ്‌സ് സർവകലാശാലയിലെ പൂർവവിദ്യാർഥികളായിരുന്നു. 2024ലാണ് ഇരുവരും സർവകലാശാലയിൽ പഠനം പൂർത്തിയാക്കിയത്.

