Spread the love

വന്ദേഭാരത് എക്‌സ്പ്രസ് സീറ്റില്‍ ചത്തപാമ്പ്, കണ്ടെത്തിയത് വണ്ടി തിരിക്കും മുമ്പ്

തിരുവനന്തപുരം : വന്ദേഭാരത് എക്സ്പ്രസില്‍ യാത്രക്കാരെ ഞെട്ടിച്ച് സീറ്റില്‍ ചത്ത പാമ്പ്. ഇന്നലെ ഉച്ചയ്ക്ക് 2.20ന് കൊച്ചിയില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെടേണ്ട ട്രെയിനിലെ സി6 കോച്ചിലെ 27-ാം നമ്പര്‍ സീറ്റിലാണ് വിഷമുള്ള ചേനത്തണ്ടനെ കണ്ടെത്തിയത്. ട്രെയിന്‍ പുറപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. ജീവനക്കാരെത്തി പാമ്പിനെ നീക്കം ചെയ്തു. സംഭവം യാത്രക്കാര്‍ പകര്‍ത്തിയതോടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു.റസല്‍സ് വൈപ്പര്‍ അഥവാ ചേനത്തണ്ടനെയാണ് കണ്ടത്.

റെയില്‍വേ മന്ത്രാലയത്തെ ടാഗ് ചെയ്തും നിരവധി പേര്‍ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചു. പാമ്പിനെ കണ്ടെത്തിയ സീറ്റിലിരുന്ന യാത്രക്കാരി ടോയ്ലറ്റിലേക്ക് പോയപ്പോഴാണ് സമീപത്തെ സഹയാത്രികരുടെ ശ്രദ്ധയില്‍ പാമ്പ് പെട്ടത്. തൊട്ടടുത്ത സീറ്റില്‍ ചെറിയ കുട്ടിയും ഉണ്ടായിരുന്നതിനാല്‍ സംഭവം യാത്രക്കാരില്‍ ആശങ്കയുണ്ടാക്കി. ഉടന്‍തന്നെ ടിക്കറ്റ് പരിശോധകനെയും ട്രെയിന്‍ ജീവനക്കാരെയും വിവരം അറിയിച്ചു.

തൃപ്പൂണിത്തുറ സ്വദേശികളായ കുടുംബമാണ് സീറ്റിലിരുന്നത്. ഇവര്‍ക്ക് പിന്നീട് മറ്റൊരു സീറ്റ് അനുവദിച്ചു. റെയില്‍വേ ഉദ്യോഗസ്ഥര്‍ ഉടന്‍ ഇടപെട്ടതിനാല്‍ പരാതി നല്‍കേണ്ടിവന്നില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. സംഭവം ഉണ്ടായിട്ടും ട്രെയിന്‍ യാത്ര തടസമില്ലാതെ കൃത്യസമയത്ത് തന്നെ തുടര്‍ന്നു.ട്രെയിനിലെ ശുചീകരണ ജോലികള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ശുചീകരണത്തിനിടെ പാമ്പിനെ കണ്ടെത്തിയിരുന്നില്ലെന്നാണ് പ്രാഥമിക വിവരം.

സംഭവത്തെ തുടര്‍ന്ന് ട്രെയിനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. സുരക്ഷാ സംവിധാനങ്ങള്‍ ഏറെയുള്ള വന്ദേഭാരത് എക്സ്പ്രസിനുള്ളില്‍ പാമ്പ് എങ്ങനെ എത്തിയെന്നതിലാണ് പ്രധാനമായും അന്വേഷണം. മെക്കാനിക്കല്‍ വിഭാഗവും റെയില്‍വേ പൊലീസും അന്വേഷണം നടത്തുന്നുണ്ട്. ട്രെയിനിലെ ശുചീകരണ ചുമതല മെക്കാനിക്കല്‍ വിഭാഗത്തിനാണ്.