Spread the love

കോട്ടയം: കോട്ടയത്ത് കഞ്ചാവിന്റെ സത്തെടുത്ത് നിര്‍മിച്ച മാരക ലഹരി മിഠായികള്‍ ഉപയോഗിച്ച ഒന്‍പത് വിദ്യാര്‍ഥികളെ എക്‌സൈസ് സംഘം പിടികൂടി ലഹരിവിമുക്ത കേന്ദ്രത്തിലാക്കി. സംഭവത്തില്‍ ഉള്‍പ്പെട്ട 14, 15, 16 വയസ്സുള്ള വിദ്യാര്‍ഥികളെയാണ് മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ എക്‌സൈസ് കണ്ടെത്തി ചികിത്സയിലാക്കിയത്.

മൂന്ന് മാസം മുൻപ് ഉത്തർപ്രദേശ് സ്വദേശിയായ ഋഷികേശ് സിംഗിൽ നിന്ന് 194 ഗ്രാം കഞ്ചാവ് മിഠായി എക്‌സൈസിന് സംശയാസ്‌പദമായ സാഹചര്യത്തിൽ ലഭിച്ചിരുന്നു. മിഠായികൾ ഫോറൻസിക് ലാബിൽ പരിശോധിച്ചതിൽ കഞ്ചാവിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു.

തുടർന്ന് ഋഷികേശിനെ കേന്ദ്രീകരിച്ച് നടത്തിയ എക്‌സൈസ് അന്വേഷണത്തിൽ വിവരമൊന്നും ലഭിച്ചില്ല. ഋഷികേശിന്റെ ഫോൺകോളുകൾ പരിശോധിച്ചതിൽ വിദ്യാർത്ഥികളാണ് വിളിക്കുന്നവരിലേറെയെന്ന് കണ്ടെത്തിയിരുന്നു. 40 എണ്ണമുള്ള മിഠായി പായ്‌ക്കറ്റിന് 200 രൂപ വിലയെന്നാണ് എക്‌സൈസ് കണ്ടെത്തിയത്. അഞ്ച് ഗ്രാമാണ് ഒരു മിഠായിയുടെ തൂക്കം.

അതേസമയം ഏതാനും ദിവസം മുൻപ് കഞ്ചാവ് മിഠായി കാരണം കോട്ടയത്തെ ഒരു കോളേജിൽ നിന്നുള്ള വിനോദയാത്ര റദ്ദാക്കിയിരുന്നു. യാത്രക്കിടെ ഒരു വിദ്യാ‌ർത്ഥി കുഴഞ്ഞുവീണതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് കോളേജ് അധികൃതർ നടത്തിയ അന്വേഷണത്തിൽ വിദ്യാർത്ഥികൾ കഞ്ചാവ് മിഠായി കഴിച്ചതായി കണ്ടെത്തി. പിന്നാലെ വിവരം എക്‌സൈസിനെ അറിയിക്കുകയും ചെയ്തു.

സംഭവത്തിന് പിന്നിലെ ലഹരിമാഫിയാ ശൃംഖലയെക്കുറിച്ച് എക്‌സൈസ് സമഗ്ര അന്വേഷണം നടത്തിവരികയാണ്.