Spread the love

തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരുകയാണ്.കോട്ടയം ജില്ലയിൽ രാത്രി മുതൽ മഴ ശക്തമായതോടെ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു. കോട്ടയം കുമരകം വൈക്കം റോഡിൽ പലയിടങ്ങളിലും വെള്ളം കയറി. തിരുവാർപ്പ്, കുമരകം, അയ്മനം, ആർപ്പൂക്കര, കുമ്മനം, താഴത്തങ്ങാടി, നട്ടശ്ശേരി ഭാഗങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്.

അതേസമയം പത്തനംതിട്ട ജില്ലയിൽ അതീവ ഗുരുതര സാഹചര്യം തുടരുകയാണ്. റാന്നിയും ആറൻമുളയും വീണ്ടും കടുത്ത പ്രളയ ഭീഷണിയിലായി. പമ്പയുടെ കരകളിൽ ഭീതിദമായ സാഹചര്യം തുടരുകയാണ്.

ഇടുക്കിയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും. കൂടുതൽ വെള്ളമൊഴുക്കി വിടുന്ന സാഹചര്യത്തിൽ തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്ത് ജാഗ്രത നിർദേശം നൽകി. ഒന്നര മീറ്റർ വരെയാണ് ഘട്ടം ഘട്ടമായി ഷട്ടറുകൾ ഉയർത്തുക. തൊടുപുഴയാറിൽ ജലനിരപ്പ് ഉയർന്നതോടെ, മൂവാറ്റുപുഴയിലും ജാഗ്രത നിർദേശം നൽകി. ഇവിടങ്ങളിലെ ആളുകളെ നേരത്തെ തന്നെ മാറ്റിപ്പാർപ്പിച്ചിരുന്നു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമല തീർത്ഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. അട്ടത്തോട് ഭാഗത്തുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് നിലക്കലിൽനിന്നുള്ള ഭക്തർക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കൂടാതെ എരുമേലി വഴി എത്തുന്ന ഭക്തർക്കും പ്രവേശനത്തിൽ നിയന്ത്രണങ്ങൾ ഉണ്ട്. ശബരിമലയും പരിസര പ്രദേശങ്ങളിലും പെയ്യുന്ന അതിശക്തമായ മഴയെത്തുടർന്ന് പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പുഴയിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഭക്തർ പമ്പയിൽ ഇറങ്ങി ബലിതർപ്പണമോ സ്‌നാനമോ നടത്തുന്നത് തടഞ്ഞിട്ടുണ്ട്. നിലവിൽ സന്നിധാനത്തുള്ളവർക്കും ദർശനത്തിന് എത്തുന്നവർക്കും മഴക്കെടുതിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ബാധകമാണ്. അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ചു മാത്രമേ ഭക്തർ മുന്നോട്ട് പോകാവൂ എന്ന് നിർദ്ദേശമുണ്ട്.