മഴക്കെടുതിയില്‍ ഏഴുമരണം. കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മഴക്കെടുതി രൂക്ഷമായി. വിവിധ ജില്ലകളിലായി മഴയുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ ഇതുവരെ ഏഴുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.
കോട്ടയത്തും ഇടുക്കിയിലുമായി മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായ സംഭവങ്ങളില്‍ നാല് പേര് മരിച്ചു. മലപ്പുറം കൊണ്ടോട്ടി നീറാട്ട് ജലനിരപ്പ് ഉയര്‍ന്ന തോട്ടില്‍ വീണ് നാലുവയസ്സുകാരന് ആദം ഐമന് മരിച്ചു. മലപ്പുറം തിരുവാലി കണ്ടമംഗലത്ത് തോട്ടിലെ ശക്തമായ ഒഴുക്കില്‍പ്പെട്ട് രണ്ടര വയസ്സുകാരനും മരിച്ചു. വയനാട് പടിഞ്ഞാറേത്തറയില്‍ കുളത്തില്‍നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിനിടെ മഞ്ഞൂര് സ്വദേശി ബെന്നി ഷോക്കേറ്റ് മരിച്ചു.
കൊല്ലം നീണ്ടകരയില്‍ വള്ളം മറിഞ്ഞ് കാണാതായ പുത്തന്‍ത്തുറ സ്വദേശി രാധാകൃഷ്ണന്റെ മൃതദേഹം കണ്ടെത്തി. അപകടത്തില്‍ കാണാതായ മറ്റൊരാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
സംസ്ഥാനത്തെ മലയോര മേഖലകളില്‍ വ്യാപകമായി മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റാന്നിക്ക് പുറമെ പാലാ ടൗണും വെള്ളത്തിനടിയിലായി. കെ.കെ. റോഡിലും വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടു. ഈരാറ്റുപേട്ട ടൗണിലും വെള്ളക്കെട്ട് രൂക്ഷമാണ്. മൂന്നിലവില്‍ ഉരുള്പൊട്ടലുണ്ടായതായും ഇടുക്കി ഏലപ്പാറ ചെമ്മണ്ണ് മേഖലയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണതായും റിപ്പോര്‍ട്ടുണ്ട്. വാഗമണ്ണില്‍ റോഡിലേക്ക് മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതത്തിനും തടസമുണ്ടായി.

കോട്ടയം പൂഞ്ഞാര്‍ പയ്യാനിത്തോട്ടത്ത് ഉരുള്‍പൊട്ടലില്‍ അമ്മയും മകനും മരിച്ചു. മണപ്പാട്ട് ജോണിയുടെ ഭാര്യ റജീന മകന് ജോസഫ് എന്നിവരാണ് മരിച്ചത്. ഇരുവരെയും ഉരുള്‍പൊട്ടലില്‍ കാണാതാവുകയായിരുന്നു. പയ്യാനിത്തോട്ടം സ്കൂളിലെ ജീവനക്കാരിയായിരുന്നു. ദുരന്തത്തില്‍പ്പെട്ട് ആശുപത്രിയിലായവരെ മന്ത്രി മോന്‍സ് ജോസഫ് സന്ദര്‍ശിച്ചു.

മഴക്കെടുതി സാഹചര്യം മുഖ്യമന്ത്രി മന്ത്രിമാരുമായും ജില്ലാ കലക്ടര്‍മാരുമായും വിലയിരുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ അതത് ജില്ലകളില്‍ ക്യാമ്പ് ചെയ്യാന്‍ നിര്‍ദേശം നല്കി. സംസ്ഥാനതല ഏകോപന ചുമതല റവന്യൂ മന്ത്രിക്കാണ്. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കലക്ടര്‍മാര്‍ക്ക് ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജരാകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, കനത്ത മഴയെ തുടര്‍ന്ന് നിരവധി നദികളില്‍ ജലനിരപ്പ് അപകടനിലയിലെത്തി. മൂവാറ്റുപുഴയാറിലും തൊടുപുഴയാറിലും ജലനിരപ്പ് അപകടനില പിന്നിട്ടപ്പോള്‍ കാളിയാറില്‍ മുന്നറിയിപ്പ് നില മറികടന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പ് വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. മൂവാറ്റുപുഴ, കല്ലട, മീനച്ചില്‍, പമ്പ, അച്ചന്‍കോവില്‍ നദികളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.

