നീരുവറ്റി പാതാളക്കുഴിയായ കണ്ണുകള്‍, ചോരത്തുടിപ്പില്ലാത്ത മുഖം, ശോഷിച്ചു ചെറുതായ കൈത്തണ്ട.എന്‍ട്രന്‍സ് പരിശീലന കേന്ദ്രത്തിലെ കോച്ചിംഗ് ഭീകരതയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകമായ പിതാവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ചര്‍ച്ചയാകുന്നു
മാധ്യമപ്രവര്ത്തകന് എം.എസ് അനീഷ്കുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റ് :
“ഏതാനും മാസങ്ങള്‍ക്കു മുന്‍പ് പാലായിലെ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററില്‍ നിന്നും അലാമിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന ആ ദിവസം ഒരിക്കലും മറക്കാനാകില്ല. നീരുവറ്റി പാതാളക്കുഴിയായ കണ്ണുകള്‍, ചോരത്തുടിപ്പില്ലാത്ത മുഖം, ശോഷിച്ചു ചെറുതായ കൈത്തണ്ട… ഓടിഞ്ഞുവീണ താമരത്തണ്ടുപോലെ കാറിനുള്ളില്‍ അവശയായി കിടന്ന മകളെ കണ്ട് ഒരുവാക്ക് ഉരിയാടാനാവാതെ ഞാനും ലിജിയും സ്തബ്ധരായി”.
വീട്ടിലെത്തി കുളികഴിഞ്ഞു തലമുടി ചീകിയപ്പോള്‍ ഒരു ചീപ്പ് നിറയെ മുടി. കൈയോടിച്ചപ്പോള്‍ കൈപ്പിടി നിറയെ ഊരിപ്പോരുന്ന മുടിയിഴകള്‍… ഒറ്റവര്‍ഷം മുന്‍പ് സമൃദ്ധമായ മുടിയില്‍ കേശാലങ്കാരങ്ങളുമായി നൃത്തവേദികളില്‍ തകര്ത്താടിയവളാണ് കൈനിറയെ സ്വന്തം മുടിയുമായി ഞങ്ങള്‍ക്ക് മുന്നില്‍ തളര്‍ന്ന ചിരിയോടെ നില്‍ക്കുന്നത്.
‘ജീവിതത്തിനപ്പുറമല്ല പഠനവും ജോലിയുമൊന്നും…’ 10 മാസം നീണ്ട കോച്ചിംഗിനിടെ പലവട്ടം ഞങ്ങള്‍ പറഞ്ഞതാണ്. പക്ഷെ അവള്‍ക്കങ്ങിനെ കരുതാനാവില്ലല്ലോ. പാലായിലെ ശ്വസിക്കുന്ന വായുവിലും വെള്ളത്തിലുമെല്ലാം മത്സരപരീക്ഷയുടെ ഗന്ധമാണ്. വാഴുന്നവരും വീഴുന്നവരുമുണ്ട് അവിടെ. കൗമാരകാലം മുതല്‍ സ്വപ്നങ്ങള്‍ക്കായി വാശിയോടെ പഠിച്ചിട്ടും പത്തുലക്ഷത്തില്‍ ഒരാളാവാന്‍ പോലും പറ്റാത്തവര്‍!
വിജയ സപ്ലിമെന്റുകളില്‍ പേരും പടവും വരുന്നവരുടെ നൂറുമടങ്ങാണ് പോരാടി വീഴുന്നത്. മരിച്ചുവീഴുന്നവര്‍ക്കായി ഒരുദിവസത്തെ അവധി പോലും നല്കാന് ആരും മിനക്കെടാറില്ല. ഇന്‍സ്റ്റഗ്രാമില്ല, ഓണമില്ല, വിഷുവില്ല, ബന്ധുവീട്ടിലെ കല്യാണമോ മരണമോ ഒന്നുമില്ല. പങ്കെടുത്താല്‍ പഠനത്തില്‍ പിന്നിലാവുമെന്ന ഭയം മാത്രം പേറുന്ന കുട്ടികള്‍!
ചുരുങ്ങിയത് രണ്ടരലക്ഷം രൂപയെങ്കിലുമാണ് ഒരുവര്‍ഷത്തെ ചിലവ്. ഒരു കൂലിപ്പണിക്കാരന്റെ കുട്ടി എങ്ങനെ ഈ ചതുരംഗക്കളത്തിലെത്തും? പണമുള്ളവന്റെ മക്കള്‍ മാത്രം ഡോക്ടറും എഞ്ചിനീയറുമായാല് മതിയെന്ന ഈ സംവിധാനം പൊളിച്ചെഴുതണം. കോച്ചിംഗ് സെന്ററുകാരുടെ ക്യാപ്സൂളില് മാത്രം കുഞ്ഞുങ്ങളുടെ വിധി നിര്‍ണ്ണയിക്കപ്പെടരുത്. 12 വര്‍ഷത്തെ സ്കൂള്‍ പഠനത്തിന് ഒരു കടലാസുകഷണത്തിന്റെ വിലപോലുമില്ലാത്ത അവസ്ഥ!
ഇതൊരു പാലായുടെ മാത്രം കഥയല്ല. പല പ്രമുഖ സ്കൂളുകളിലും ‘സ്പെഷ്യല്‍ ബാച്ച്’ എന്ന പേരില്‍ ഇന്‍കുബേറ്ററില്‍ മുട്ട അടവെക്കും പോലെ അഞ്ചാം ക്ലാസ് മുതല്‍ കുട്ടികളെ അടയിരുത്തുന്നുണ്ട്. തൊട്ടടുത്ത ക്ലാസില്‍ ഓണസദ്യ വിളമ്പുമ്പോഴും കഴിക്കാനാവാത്തവര്‍ കളിയില്ലാതെ, ചിരിയില്ലാതെ പഠിക്കാന്‍ മാത്രം നിര്ബന്ധിതരാകുന്നവര്. എന്നിട്ടും എങ്ങുമെത്താത്ത എത്രയോ കുഞ്ഞുങ്ങള്‍!
ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന ഇളയമകള്‍ 12 കഴിഞ്ഞിറങ്ങുമ്പോള്‍… കോച്ചിംഗ് സെന്ററുകളുടെ പ്രാധാന്യം കുറഞ്ഞ, ഏത് ദരിദ്രനും യോഗ്യതയുണ്ടെങ്കില്‍ പ്രവേശനം ലഭിക്കുന്ന, ചോദ്യച്ചോര്‍ച്ചകളില്‍ കുഞ്ഞുങ്ങളുടെ ജീവിതം പൊലിയാത്ത ഒരു പുതിയ പരീക്ഷാ സംവിധാനം രാജ്യത്തുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
മക്കളുടെ സ്വപ്നങ്ങള്‍ക്ക് ചിറകു നല്കേണ്ടവര് അവരുടെ ശ്വാസം മുട്ടിക്കുന്നവരാകാതിരിക്കട്ടെ…??

