കേരളത്തിലെ കപ്പല്‍ നിര്‍മാണ പദ്ധതി ടാറ്റ നിഷേധിച്ചതിന് പിന്നാലെ വിശദീകരണക്കുറിപ്പുമായി സര്‍ക്കാര്‍
സംസ്ഥാനത്ത് കപ്പല്‍ നിര്‍മ്മാണ പദ്ധതിക്ക് 1000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം കമ്പനി തള്ളിയതിന് പിന്നാലെ വിശദീകരണവുമായി സര്‍ക്കാര്‍ . വിവിധ പദ്ധതികളിലൂടെയും വിവിധ നിക്ഷേപകരിലൂടെയും വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്ന ആകെ നിക്ഷേപത്തിന്റെ വ്യാപ്തിയെയാണ് 10,000 കോടിയോളം രൂപയുടെ നിക്ഷേപ സാദ്ധ്യതയെന്ന പരാമര്‍ശത്തിലൂടെ മുഖ്യമന്ത്രി സൂചിപ്പിച്ചതെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
മിഷന്‍ സമുദ്രയുടെ ഭാഗമായി കേരളത്തെ രാജ്യത്തെ പ്രമുഖ കപ്പല്‍ നിര്‍മാണസമുദ്ര വ്യവസായ കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള സര്‍ക്കാരിന്റെ കാഴ്ചപ്പാടും നിക്ഷേപ ആകര്‍ഷണ പദ്ധതിയുമാണ് മുഖ്യമന്ത്രി അഭിമുഖത്തില്‍ പരാമര്‍ശിച്ചത്. അല്ലാതെ ഏതെങ്കിലും ഒരു സ്ഥാപനവുമായി ഇത്രയും തുകയുടെ ഏക നിക്ഷേപ കരാര്‍ അന്തിമമായി ഉറപ്പിച്ചുവെന്നല്ല. ഇതിന്റെ ഭാഗമായാണ് മലബാര്‍ സിമന്റ്‌സ് ലിമിറ്റഡും, ടാറ്റാ പ്രോജക്ട്‌സ് ഗ്രൂപ്പിന്റെ ഭാഗമായ ആര്‍ട്‌സണ്‍ എഞ്ചിനീയറിംഗ് ലിമിറ്റഡും ചേര്‍ന്ന് കൊച്ചിന്‍ പോര്‍ട്ടില്‍ കപ്പല്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സംയുക്ത സംരംഭത്തിന് സര്‍ക്കാര്‍ സൗകര്യമൊരുക്കിയത്. പദ്ധതിക്ക് ആവശ്യമായ പ്രധാന അനുമതികളെല്ലാം ലഭിച്ചു കഴിഞ്ഞു. കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റി ആവശ്യമായ ഭൂമി ലഭ്യമാക്കുകയും പ്രാഥമിക വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ ആധുനികമായ ഷിപ്പ് ബില്‍ഡിംഗ് എക്കോസിസ്റ്റം രൂപീകരിക്കുന്നതിനുള്ള സുപ്രധാനനമായ ചുവടുവെപ്പായാണ് ഈ പദ്ധതിയെ കാണുന്നതെന്നും വാര്‍്താക്കുറിപ്പില്‍ പറയുന്നു.
മിഷന്‍ സമുദ്ര കേവലം ഒരു കപ്പല്‍ നിര്‍മാണ യൂണിറ്റില്‍ ഒതുങ്ങുന്ന പദ്ധതിയല്ല. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചി തുറമുഖം, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് എന്നിവയുള്‍പ്പെടെ സംസ്ഥാനത്തെ തീരദേശ മേഖലയെ പ്രയോജനപ്പെടുത്തി കപ്പല്‍നിര്‍മാണം, കപ്പല്‍ അറ്റകുറ്റപ്പണി, ഓഫഷോര്‍ ഫാബ്രിക്കേഷന്‍, മറൈന്‍ എഞ്ചിനീയറിംഗ്, തീരദേശ നിര്‍മ്മാണ യൂണിറ്റുകള്‍, ലോജിസ്റ്റിക്‌സ്, മാരിടൈം സേവനങ്ങള്‍ തുടങ്ങി അനുബന്ധ വ്യവസായങ്ങള്‍ എന്നിവ ഏകോപിപ്പിച്ചുള്ള സമഗ്ര സമുദ്ര വികസനമാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.

