സായി സുദർശന പദ്ധതിയുടെ ഇരുപതാം വാർഷികം ആഘോഷിച്ചു; സാധനയിൽ കണ്ടെത്തിയ ദൈവത്തെ സേവനത്തിലൂടെ പങ്കുവെക്കുമ്പോഴാണ് ആത്മീയജീവിതം പൂർണമാകുന്നത്
കൈതപ്രം ദാമോദരൻ നമ്പൂതിരി
ഗുരുവായൂർ: സാധനയിൽ കണ്ടെത്തിയ ദൈവത്തെ സേവനത്തിലൂടെ സമൂഹവുമായി പങ്കുവെക്കുമ്പോഴാണ് ആത്മീയജീവിതം പൂർണമാകുന്നതെന്ന് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു. സായി സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കി വരുന്ന സായി സുദർശന പദ്ധതിയുടെ 20-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സേവനവും സാധനയും പരസ്പരം പൂരകങ്ങളാണെന്നും, ദൈവത്തെ അനുഭവിക്കുന്നത് സാധനയാണെങ്കിൽ ആ അനുഭവത്തെ ജീവിതമാക്കുന്നതാണ് സേവനമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ വേദനകൾക്ക് പരിഹാരം കാണുന്ന പ്രവർത്തനങ്ങളിലൂടെയാണ് ആത്മീയതയ്ക്ക് യഥാർത്ഥ അർഥം കൈവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി.
സായി സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ മൗനയോഗി സ്വാമി ഹരിനാരായണൻ അനുഗ്രഹപ്രഭാഷണം നടത്തി. കഴിഞ്ഞ ഇരുപത് വർഷത്തിനിടെ 7,400-ലധികം പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയയിലൂടെ കാഴ്ചയുടെ വെളിച്ചം പകർന്ന സായി സുദർശന പദ്ധതി സേവനത്തിന്റെ മഹത്തായ മാതൃകയാണെന്നും, സാധനയും സേവനവും ഒരുമിക്കുമ്പോഴാണ് സമൂഹത്തിൽ യഥാർഥ പരിവർത്തനം സൃഷ്ടിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ കെ. കെ. ജ്യോതിരാജ് മുഖ്യാതിഥിയായിരുന്നു. സംസ്ഥാന മുന്നോക്ക ക്ഷേമ കമ്മീഷൻ അംഗം ചൂണ്ടൽ സെബാസ്റ്റ്യൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ചടങ്ങിൽ വാർഡ് കൗൺസിലർ ബിന്ദു നാരായണൻ, ഡോ. നിതിൻ ജോർജ് കോശി,ക്യാമ്പ് കോർഡിനേറ്റർ മണികണ്ഠൻ കെ., സബിത രഞ്ജിത്,എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് ട്രസ്റ്റീ അരുൺ സി. നമ്പ്യാർ സ്വാഗതവും സായിശ്രീ മേനോൻ നന്ദിയും പറഞ്ഞു.
നേത്രചികിത്സാ രംഗത്ത് സുദീർഘകാലമായി സേവനമനുഷ്ഠിച്ച ഡോക്ടർമാരെ ചടങ്ങിൽ ആദരിക്കുകയും, സായി സുദർശന പദ്ധതിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ഡോക്ടർമാർ, സന്നദ്ധപ്രവർത്തകർ, ദാതാക്കൾ എന്നിവർക്കുള്ള ആദരവും പൊന്നാടയും ഉഹാരവും സമർപ്പിച്ചു. ചടങ്ങിൽ നിരവധി സാമൂഹിക, സാംസ്കാരിക, ആത്മീയ രംഗങ്ങളിലെ പ്രമുഖരും പൊതുജനങ്ങളും പങ്കെടുത്തു.
തുടർന്ന് നേത്ര പരിശോധനയും ചികിത്സാ ക്യാമ്പും നടന്നു. 120 പേര് ക്യാമ്പിൽ പങ്കെടുത്തു.പ്രവിൽ കെ. ആർ., കമലുദ്ധീൻ ഗുരുവായൂർ, രാമദാസ് ആലത്തി എന്നിവർ നേതൃത്വം നൽകി.

