എംബിബിഎസ് എൻജിനീയറിങ് ഉൾപ്പെടെയുള്ള കോച്ചിംഗ് സെന്ററുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നിർണായക നീക്കവുമായി കേന്ദ്രസർക്കാർ.
ഇതിനായി ദേശീയ നിയമം കൊണ്ടുവരാനാണ് കേന്ദ്രസർക്കാർ തീരുമാനം. പ്രവേശന പരീക്ഷകൾക്ക് കോച്ചിംഗിന്റെ ആശ്രയത്തം കുറയ്‌ക്കുക, കോച്ചിംഗ് സെന്ററുകളിലെ സമ്മർദം കാരണമുണ്ടാകുന്ന കുട്ടികളിലെ ആത്മഹത്യാ പ്രവണത കുറയ്‌ക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച ഒമ്പതംഗ സമിതി ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഉടൻ സമർപ്പിക്കും.
ജെഇഇ, നീറ്റ്, സിയുഇടി പരീക്ഷകളിലെ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് നീക്കം. തെറ്റിദ്ധരിപ്പിക്കുന്ന ടോപ്പർ പരസ്യങ്ങൾക്കും കടിഞ്ഞാണിടും. അദ്ധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതയും വിദ്യാർത്ഥികൾക്ക് ലഭിച്ച യഥാർത്ഥ വിജയശതമാനവും പ്രദർശിപ്പിക്കണം. സ്‌കൂൾ വിദ്യാർത്ഥികൾക്ക് മൂന്ന് മണിക്കൂർ കോച്ചിംഗ് പരിധി നിശ്ചയിക്കും. തീവ്ര കോച്ചിംഗ് പ്ലസ് ടുവിന് ശേഷം മാത്രമാക്കും എന്നിവയാണ് സമിതി ശുപാർശയായി നൽകിയിരിക്കുന്നത്.
കോച്ചിംഗ് സെന്ററുകൾ കാരണം പരീക്ഷകൾ മത്സരാധിഷ്‌ടിതമായ രീതിയിലേക്ക് മാറിയിരിക്കുകയാണെന്നാണ് സമിതിയുടെ നിരീക്ഷണം. പുതിയ നിയമത്തിലൂടെ കോച്ചിംഗ് സെന്ററുകൾക്ക് കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും കൊണ്ടുവരിക എന്ന ലക്ഷ്യമാണുള്ളത്. റിപ്പോർട്ട് വരും ആഴ്‌ചയിൽ തന്നെ സമിതി സമർപ്പിക്കുമെന്നാണ് വിവരം.
പരിശീലന കേന്ദ്രങ്ങളുമായിട്ട് ബന്ധപ്പെട്ട് നടന്ന ചില ആത്മഹത്യകളും കേന്ദ്രസർക്കാരിനെ ഇത്തരത്തിലുള്ള ഒരു നീക്കത്തിലേക്ക് പ്രേരിപ്പിച്ച ഘടകമാണ്

