മൈക്രോ ഫിനാൻസ് കേസിൽ വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം സമർപ്പിച്ചത് വിഎസ് അച്യുതാനന്ദന്റെ നിയമ പോരാട്ടത്തിന്റെ വിജയമെന്ന് മകൻ അരുൺകുമാർ. അരുൺകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ
Arun Kumar FB post
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ ശ്രീ. വെള്ളാപ്പള്ളി നടേശനെതിരെ ഒടുവിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടിരിക്കുന്നു എന്ന വാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞു. സാധാരണക്കാരായ പിന്നാക്ക വിഭാഗം സ്ത്രീകളുടെ കണ്ണീരൊപ്പാൻ, അവർക്കുവേണ്ടി അച്ഛൻ വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച വിട്ടുവീഴ്ചയില്ലാത്ത നിയമപോരാട്ടത്തിൻ്റെ വലിയൊരു വിജയമാണിത്. ഭരണകൂടങ്ങൾ മാറിയാലും നീതിയുടെ വഴി അത്രയെളുപ്പം അടഞ്ഞുപോകില്ലെന്ന് ഈ കുറ്റപത്രം അടിവരയിടുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് കടന്നുപോയ വഴികൾ അത്ര ലളിതമായിരുന്നില്ല. ഒരുകാലത്ത് ‘തുടർനടപടികൾ അവസാനിപ്പിച്ചു’ എന്ന് കാണിച്ച് പോലീസ് തന്നെ ഈ കേസ് റഫർ ചെയ്യാനും അട്ടിമറിക്കാനും നോക്കിയതാണ്. അച്ഛന്റെ പ്രായധിക്യവും ശാരീരിക അസ്വാസ്ഥ്യങ്ങളും മുതലെടുത്ത് നിയമപോരാട്ടത്തെ തളർത്താൻ നോക്കിയപ്പോൾ, അച്ഛന്റെ നിർദ്ദേശപ്രകാരവും അദ്ദേഹത്തിന്റെ പ്രതിനിധിയായും കോടതികളിൽ നേരിട്ട് ഹാജരാകേണ്ടി വന്ന നാളുകൾ എനിക്ക് നന്നായി ഓർമ്മയുണ്ട്.
അന്ന് ഞാനെടുത്ത ഒരു നിലപാടുണ്ട്. “ഈ കേസിൽ എനിക്ക് വ്യക്തിപരമായ അജണ്ടകളൊന്നുമില്ല. ലക്ഷക്കണക്കിന് വരുന്ന പാവപ്പെട്ട സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള അച്ഛന്റെ പോരാട്ടമാണിത്, അതിനൊപ്പമാണ് ഞാൻ നിൽക്കുന്നത്.” അന്ന് കോടതികളിൽ സ്വീകരിച്ച അതേ നിലപാടിൽ തന്നെയാണ് ഞാൻ ഇന്നും ഉറച്ചുനിൽക്കുന്നത്. ഇത് വ്യക്തികൾ തമ്മിലുള്ള തർക്കമല്ല, മറിച്ച് ചൂഷണങ്ങൾക്കെതിരെയുള്ള ആദർശത്തിന്റെ പോരാട്ടമാണ്.
രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് നിലപാടുകൾ മാറ്റുന്നതും, അധികാര ഇടനാഴികളിൽ സ്വാധീനമുറപ്പിച്ച് കേസുകൾ അട്ടിമറിക്കാൻ നോക്കുന്നതുമൊക്കെ നാം കുറച്ചുകാലമായി കണ്ടുകൊണ്ടിരിക്കുന്നതാണ്. ഒരുകാലത്ത് ഭരണകൂടങ്ങൾ തന്നെ ഇത്തരം അഴിമതികൾക്ക് പരോക്ഷമായി കുടപിടിച്ചപ്പോൾ, അതിനെതിരെ ഒറ്റയാൾ പോരാട്ടം നവികാൻ വിഎസ് എന്ന വിപ്ലവകാരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ പോരാട്ടങ്ങളുടെ ശരിയാണ് ഇപ്പോൾ കോടതി മുറികളിൽ തെളിയുന്നത്. ഈ കേസുകൾ കൃത്യമായ വഴിയിൽ മുന്നോട്ട് കൊണ്ടുപോകുമോ എന്ന് തീർച്ചയില്ലാത്ത പുതിയ ഭരണസംവിധാനങ്ങളുടെ നയങ്ങളും, മുൻപ് തന്നെ ഈ വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ ഉയർത്തിയ വി.എം. സുധീരനെപ്പോലെയുള്ള മുതിർന്ന നേതാക്കളുടെ വാക്കുകളും ഇന്ന്കാണുന്നത്.
ഒരു മകൻ എന്ന നിലയിൽ ഞാൻ ഒപ്പമുണ്ടാകും. കള്ളങ്ങൾ എത്ര തന്നെ മൂടിവെച്ചാലും, അധികാരത്തിന്റെ ഏത് തണലുണ്ടായാലും നിയമത്തിന്റെ വഴിയിൽ സത്യം പുറത്തുവരിക തന്നെ ചെയ്യും.

