സിപിഎമ്മിനെ വേണ്ട; വെള്ളാപ്പള്ളി – ബിജെപി ബന്ധം ശക്തമാകുന്നു.
ബംഗ്ളരു : സിപിഎമ്മുമായും പിണറായിയുമായും ഒട്ടി നിന്ന വെള്ളാപ്പള്ളി കളം മാറി കളി തുടങ്ങി. പിണറായി സർക്കാരിന്റെ മൂന്നാമൂഴം പരാജയപ്പെട്ടതിന് പിന്നിൽ വെള്ളാപ്പള്ളി നടേശനാണെന്ന സിപിഎം കുറ്റപ്പെടുത്തലോടെ ഇടത് ബന്ധത്തിൽ നിന്ന് അകലുന്ന നിലപാടിലേക്ക് മാറുകയാണ് എസ്എൻഡിപി ജനറൽ സെക്രട്ടറി കുടിയായ അദ്ദേഹം.പിണറായി മാത്രം തന്നെ കുറ്റപ്പെടുത്താത്തതുകൊണ്ട് ആ ബന്ധം നിലനിർത്തി മുന്നോട്ട് പോകാനാണ് വെള്ളാപ്പള്ളിയുടെ നീക്കം. അതോടൊപ്പം ബിജെപിയുമായി ബന്ധം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലുമാണ് അദ്ദേഹം. അതിന്റെ ഭാഗമായിട്ടാണ്
ബാംഗ്ലൂരിൽ നടന്ന എസ്.എൻ.ഡി.പി യോഗം നേതൃത്വ പരിശീലന ക്യാമ്പിൽ വെച്ച് വെള്ളാപ്പള്ളി നടേശന് നൽകിയ സ്വീകരണ പരിപാടിയുടെയും ആദരവിന്റെയും ഉദ്ഘാടനം നിർവഹിച്ചത് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ എംഎൽയാണ്.മറ്റു രാഷ്ട്രീയ പാർട്ടികളിലെ പ്രതിനിധികളെ ഈ സമ്മേളനത്തിലേക്ക് ക്ഷണിച്ചതുമില്ല.നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടത് മുന്നണി പരാജയത്തിന് ശേഷം സിപിഎം സിപിഐ അവലോകന യോഗങ്ങളിലെല്ലാം വെള്ളാപ്പള്ളി -പിണറായി കൂട്ടുകെട്ടിനെ ചൊല്ലി കടുത്ത വിമർശനങ്ങൾ ഉയർന്നതോടെയാണ് വെള്ളപ്പള്ളി സിപിഎം ബന്ധത്തിൽ നിന്ന് അകലം പാലിച്ച് തുടങ്ങിയത്. തന്റെ മേലുള്ള വിമർശനങ്ങൾ സിപിഎം നേതാക്കൾ തുടർന്നതോടെ ക്ഷുഭിതനായ വെള്ളാപ്പള്ളി മുഖൃമന്ത്രിയായിരുന്ന പിണറായിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു. പരാജയത്തിന് കാരണക്കാരൻ ശശിയാണെന്ന് വെള്ളാപ്പള്ളി തിരിച്ചടിച്ചു. മറുപടിയായി സിപിഎമ്മിലെ പിണറായിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനും പാർട്ടിയിലെ വിഗ്രഹവുമായ ശശി വെള്ളാപ്പള്ളിക്ക് വക്കീൽ നോട്ടീസ് അയച്ചത് വിവാദത്തെ ശക്തമാക്കി. ഇതോടെ സിപിഎമ്മിൽ നിന്ന് അകന്ന്
ബിജെപിയുമായി കൂടുതൽ അടുത്ത് ഇടപെഴുക എന്ന തീരുമാനത്തിന്റെ ഭാഗമായി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖറിനെ ബാംഗ്ലൂർ സമ്മേളനത്തിലേക്ക് മുന്തിയ പരിഗണന നല്കി ക്ഷണിച്ചത്. ബിജെപിയുമായി സംസ്ഥാന രാഷ്ട്രീയത്തിൽ ഇനി ഒരുമിച്ച് നീങ്ങുകയാണെന്ന സന്ദേശമാണ് വെള്ളാപ്പള്ളി ഇതിലൂടെ നൽകിയത്.പത്മശ്രീ പുരസ്ക്കാരം ലഭിക്കാനും ബിജെപിയുടെ ഇടപെടലുകൾ ഉണ്ടായിതിന്റെ പ്രതൃപകാരം കൂടിയാണ് ചന്ദ്രശേഖരന് എസ്എൻഡിപി സമ്മേളനത്തിലേക്ക് ചുവപ്പ് പരവതാനി വിരിച്ചതിന്റെ കാരണമെന്നും പറയപ്പെടുന്നു.
കേരളത്തിനകത്തും പുറത്തുമുള്ള യോഗം കൗൺസിൽ അംഗങ്ങൾ, ബോർഡ് അംഗങ്ങൾ, വിവിധ യൂണിയൻ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, പോഷകസംഘടനകളുടെ സംസ്ഥാന ഭാരവാഹികൾ തുടങ്ങി 700 പേരാണ് ബംഗളൂരു ഫോർച്യൂൺ ഹോട്ടലിൽ നടക്കുന്ന ത്രിദിന ക്യാമ്പിൽ പങ്കെടുത്തത്. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ, വികസന പദ്ധതികൾ എന്നിവയാണ് ചർച്ചചെയ്തത്.

