മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിക്ക് പിന്നാലെ കാർഷിക സർവകലാശാലയിലും ബിജെപി സംഘടന നേതാവ് വി സി യായി
കാർഷിക സർവകലാശാല വൈസ് ചാൻസലറായി ബി.ജെ.പി സംഘടനാ നേതാവിനെ നിയമിച്ച് ലോക് ഭവൻ. ബി.ജെ.പി ബന്ധമുള്ള ഡോ. സജിത റാണിയെയാണ് വി.സിയായി നിയമിച്ച് ചാൻസലറായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉത്തരവിറക്കിയത്. നിലവിൽ പടന്നക്കാട് കാർഷിക കോളജിലെ ഡീനാണ് സജിത റാണി.
എം.ജി. സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് പിന്നാലെ കാർഷിക സർവകലാശാലയിലും ബി.ജെ.പി ബന്ധമുള്ള വൈസ് ചാൻസലറെ നിയമിച്ചത് വിവാദമായി. അതിനെതിരെ ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം. ജോൺ പരസ്യമായി രംഗത്തെത്തി.
ജനാധിപത്യവിരുദ്ധമായ നടപടിയാണിതെന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പ്രതികരിച്ചത്. വൈസ്ചാൻസലർമാരെ നിയമിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കാണ്. അത് നൽകാതെ ചാൻസലർമാരായ ഗവർണർമാരെ കൊണ്ട് ഇഷ്ടക്കരെ നിയമിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. സർവകലാശാലകൾ പിടിച്ചെടുക്കാനുള്ള ബി.ജെ.പി ശ്രമമാണിത്. സജിതയുടെ യോഗ്യത എന്താണെന്ന് അറിയില്ല. നിയമനടപടി ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു.
എം.ജി. സർവകലാശാലയിലെ ആർ.എസ്.എസ് വൽകരണത്തിനെതിരെ പ്രതിപക്ഷം ശക്തമായ നിലപാട് സ്വീകരിച്ചിരിക്കെയാണ് കാർഷിക സർവകലാശാലയിലും സമാനമായ നിയമനം നടന്നത്. വൈസ് ചാൻസലറായി ഡോ. സജിത റാണിയെ നിയമിച്ച ഗവർണറുടെ നടപടി അധികാര ദുർവിനിയോഗമാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു.
കേരളത്തിലെ സർവകലാശാലകളെ സംഘ്പരിവാറിന് വിട്ടുകൊടുക്കാൻ കഴിയില്ലെന്നും ഇതിനെതിരെ ഏതറ്റം വരെയും പോയി ചെറുക്കുമെന്നും സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് വ്യക്തമാക്കി. സർവകലാശാല വിഷയത്തിൽ ഗവർണറുമായി നടത്തുന്നത് വെറും ഗുസ്തി പിടിത്തമല്ലെന്ന് യു.ഡി.എഫ് ഇനിയെങ്കിലും മനസിലാക്കണം. സജിത റാണിയുടെ നിയമനത്തിന് മുമ്പ് മുഖ്യമന്ത്രി വി.ഡി. സതീശനും ഗവർണറും തമ്മിൽ നടത്തിയ സൗഹൃദ കൂടിക്കാഴ്ച ദുരൂഹമാണ്. വിഷയത്തിൽ യു. ഡി.എഫും കൃഷിമന്ത്രി ഉൾപ്പെടെ മന്ത്രിമാരും നിലപാട് വ്യക്തമാക്കണമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.

