ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോഡി ആലോചിക്കുന്നതായി റിപ്പോർട്ട്.നീറ്റ് ചോദ്യപേപ്പർ ചോർച്ചയും പ്രഹസനമായ സി.ബി.എസ്.ഇ പുനർമൂല്യ നിർണയവും സർക്കാരിന്റെ പ്രതിഛായ മോശമാക്കിയ പശ്ചാത്തലത്തിലാണ് ഇത്.
രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് സീഷെൽസിലേക്ക് പോകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ജൂൺ 29ന് തിരിച്ചെത്തിയാലുടൻ പുനഃസംഘടന പ്രതീക്ഷിക്കാം. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് പതിനാറ് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തതതും സർക്കാരിനെ സമ്മർദ്ദത്തിലാക്കിയിരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ ഒഴിവാക്കി പൊതു സ്വീകാര്യതയുള്ള ധനമന്ത്രി നിർമ്മല സീതാരാമനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് സാദ്ധ്യത.
എന്നാൽ, ആരോഗ്യപരമായ കാരണങ്ങളാൽ വിശ്രമം അനുവദിക്കണമെന്ന നിർമ്മല സീതാരാമന്റെ അഭ്യർത്ഥനയും ബി.ജെ.പി നേതൃത്വത്തിന് മുന്നിലുണ്ട്. ധനമന്ത്രിയായി മുൻ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വന്നേക്കും. 2025 ഒക്‌ടോബർ മുതൽ പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്രിൻസിപ്പൽ സെക്രട്ടറിയാണ്. എപ്‌സ്റ്റീൻ ഫയൽ വിവാദങ്ങളിൽ കുടുങ്ങിയ പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയെയും ഒഴിവാക്കിയേക്കും. സിഖ് സമുദായത്തിൽപ്പെട്ട ഹർദീപ് സിംഗ് പുരിയെ മാറ്റിയാൽ അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിൽ നിന്നുള്ള ഒരാൾക്ക് അവസരം ലഭിച്ചേക്കാം. റെയിൽവേ സഹമന്ത്രിയായ രവ്‌നീത് സിംഗ് ബിട്ടുവിന്റെ രാജ്യസഭാംഗത്വം പുതുക്കാത്തതിനാൽ അദ്ദേഹത്തിന് പഞ്ചാബിലേക്ക് മടങ്ങേണ്ടിവരും. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കാര്യമായ റോൾ ലഭിച്ചേക്കും.
അതേ സമയം ജോർജ് കുര്യൻ രാജിവച്ചതിനെ തുടർന്ന് കേരളത്തിൽനിന്ന് ആർക്കെങ്കിലും മന്ത്രിസഭയിൽ ലഭിക്കുമോ എന്നാണ് അറിയാനുള്ളത്. മലയാളിയെ റബർ ബോർഡ് അധ്യക്ഷസ്ഥാനത്ത് നിയമിച്ച നരേന്ദ്രമോദി സർക്കാർ കേന്ദ്ര മന്ത്രിസഭ പുനസംഘടനയിൽ ഇടം നൽകുമോ എന്ന ചർച്ചയിലാണ് ബിജെപി കേന്ദ്രങ്ങൾ.കെ. സുരേന്ദ്രൻ അനൂപ് ആന്റണി എന്നീ പേരുകളാണ് മുൻനിരയിൽ ഉള്ളത്

