Spread the love

കോട്ടയം: അയ്മനത്ത് കള്ളുഷാപ്പിൽ നിന്ന് ഭക്ഷൃവിഷബാധയേറ്റ് ഒരാൾ മരിക്കുകയും നിരവധി പേർ ആശൂപത്രിയിലാവവുകയും ചെയ്തതിനെ തുടർന്ന് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കവുമായി അധികൃതർ.

നഗരസഭാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നഗരത്തിലെ ഹോട്ടലുകളിൽ‍ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളും പിടികൂടി. 22 ഹോട്ടലുകളിലാണു പരിശോധന നടത്തിയത്. അതിൽ 9 എണ്ണത്തിൽ നിന്നു പഴകിയ ഭക്ഷണം പിടികൂടി. ദിവസങ്ങൾ പഴക്കമുള്ള ചോറ്, നൂഡിൽസ്, ബീഫ്, ചിക്കൻ കറി, മീൻകറി, അൽഫാം, കുഴിമന്തി തുടങ്ങിയവയാണ് കണ്ടെത്തിയത്. ഗന്ധവും നിറവും മാറിയ ഭക്ഷണം വീണ്ടും ചൂടാക്കി നൽകുകയും പുതിയ ഭക്ഷണത്തോടൊപ്പം ചേർത്ത് വിതരണം ചെയ്തിരുന്നതായി പരിശോധനയിൽ കണ്ടെത്തി. ഈ 9 സ്ഥാപനങ്ങൾക്കെതിരെ നഗരസഭാ ആരോഗ്യവിഭാഗം പിഴ ചുമത്തി നോട്ടിസ് നൽകി.

 

എന്നാൽ പൊതുജനങ്ങളുടെ ആരോഗൃത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നമായിട്ടും ഈ സ്ഥാപനങ്ങളുടെ പേരു വിവരം പുറത്ത് വിടാതെ മറച്ചുപിടിക്കുന്ന നഗരസഭയുടെ നടപടിക്കെതിരെ വിമർശനം ശക്തമാവുകയാണ്.

 

മായം ചേർത്തതും, പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്താൽ ഭക്ഷണശാലകൾ പിഴയടച്ച് വീണ്ടും തുറന്നു പ്രവർത്തിക്കുകയാണ് സാധാരണപതിവ്. നോട്ടീസ് നൽകി താത്കാലികമായി അടച്ചിടും. തുടർന്ന് പിടിച്ചെടുത്ത ഭക്ഷണ സാധനങ്ങൾ നശിപ്പിച്ച് കളയും. എന്നാൽ പിഴ അടച്ചാൽ തടിയൂരാമെന്നതാണ് അവസ്ഥ. ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യുമ്പോൾ മാത്രമാണ് പരിശോധനകൾ ശക്തമാക്കുന്നത്. സംക്രാന്തിയിൽ 2022 ഡിസംബറിൽ മെഡിക്കൽ കോളേജ് നേഴ്സായ രശ്മി രാജ് (23) ഭക്ഷൃ വിഷബാധയേറ്റ് മരിച്ച ശേഷം ഒന്നര മാസത്തോളം നിരന്തരം പരിശോധന നടത്തി. പിന്നീട് വീണ്ടും നഗരസഭയും ആരോഗൃ വിഭാഗവും ചട്ടപ്പടി ഉറക്കത്തിലായി. പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്ത ഹോട്ടലുകളുടെയും മറ്റു വിവരങ്ങൾ പൊതുജനങ്ങൾ അറിയരുതെന്ന നിർബന്ധമാണ് അധികൃതർക്കുള്ളത്. ഇതുമൂലം വീണ്ടും മോശം ഭക്ഷണം വില്ക്കുവാൻ ഇത്തരം സ്ഥാപനങ്ങൾക്ക് യഥേഷ്ടം അവസരമൊരുക്കുയാണ് സർക്കാർ സംവിധാനങ്ങൾ ചെയ്യുന്നതെന്ന വിമർശനമുണ്ട്. മഴക്കാലമായതോടെ നോൺവെജ് അടക്കമുള്ള ഭക്ഷണത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് സംശയമുയരുന്നുണ്ട്. പാത്രങ്ങളുടെയും ശുചിത്വമടക്കം പരിശോധനയ്ക്ക് വിധേയമാക്കാറില്ല. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനക്ക്

നഗരസഭാ ആരോഗ്യ വിഭാഗം ക്ലീൻ സിറ്റി മാനേജർ ടി.എ.തങ്കം, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രവീൺ, പ്രമോദ്, സുർജിത്, ലിനീഷ്, രമ്യ, വിസ്മയ, ഹിമ എന്നിവർ നേതൃത്വം നൽകി.