Spread the love

വനിതകളുടെ സൗജന്യയാത്രാ പദ്ധതിക്ക് ഇന്ന് ഡബിള്‍ ബെല്‍, രാവിലെ 9 മുതല്‍ യാത്ര ചെയ്യാം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ ഇന്നു മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര. പ്രിയദര്‍ശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30ന് തിരുവനന്തപുരത്ത്. കേരളത്തിലെ മറ്റു ജില്ലകളിലും ഉദ്ഘാടന ചടങ്ങുകള്‍ ഉണ്ട്. തുടര്‍ന്ന് 9 മണിമുതല്‍ ആനുകൂല്യം ലഭിക്കും. 3,125 ബസുകളില്‍ ‘പ്രിയദര്‍ശിനി സൗജന്യ യാത്ര’ എന്ന സ്റ്റിക്കര്‍ പതിപ്പിച്ചിട്ടുണ്ട്.

പദ്ധതി ഇന്ന് രാവിലെ 8.30ന് തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി സി.പി. ജോണ്‍ അദ്ധ്യക്ഷനാകും. മന്ത്രിമാരും യു.ഡി.എഫ് എം.എല്‍.എമാരും പങ്കെടുക്കും. എല്‍.ഡി.എഫ് എം.എല്‍.എമാര്‍ വിട്ടുനില്‍ക്കും. ഡ്രൈവറും കണ്ടക്ടറും വനിതകളായ ഉദ്ഘാടന സര്‍വീസില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റിലെത്തും.

തിരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗ്യാരന്റിയിലുള്‍പ്പെടുത്തി യു.ഡി.എഫ് പ്രഖ്യാപിച്ച പദ്ധതിയാണ് നടപ്പാകുന്നത്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും ആനുകൂല്യം ലഭിക്കും. യാത്രക്കാരുടെ എണ്ണമറിയാനും പദ്ധതിക്കായി സര്‍ക്കാരില്‍ നിന്ന് കെ.എസ്.ആര്‍.ടി.സിക്ക് നല്‍കേണ്ട സബ്‌സിഡി കണക്കാക്കുന്നതിനും സ്ത്രീകള്‍ക്ക് പ്രത്യേക ടിക്കറ്റ് നല്‍കും. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍ സ്റ്റേജ് ഓര്‍ഡിനറി, പോയിന്റ് ടു പോയിന്റ് ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ ബസുകളിലാണ് സൗജന്യ യാത്ര ലഭിക്കുക.

 

  • സൗജന്യ ടിക്കറ്റെടുത്തില്ലെങ്കില്‍ പിഴ
  •  ബസില്‍ സൗജന്യ ടിക്കറ്റ് എടുക്കണം
  •  സൗജന്യ ടിക്കറ്റെടുത്തില്ലെങ്കില്‍ 500 രൂപ പിഴ
  •  കയറുകയും ഇറങ്ങുകയും ചെയ്യുന്ന സ്റ്റോപ്പുകള്‍ ടിക്കറ്റില്‍ രേഖപ്പെടുത്തണം
     അധിക ലഗേജിന് ചാര്‍ജ് ഈടാക്കും
     അഞ്ചിനും 11നുമിടയില്‍ പ്രായമുള്ള ആണ്‍കുട്ടിക്ക് പകുതി ടിക്കറ്റെടുക്കണം
     പുരുഷന്മാര്‍ക്ക് പ്രത്യേക ടിക്കറ്റ്