മുംബൈ: കോടികൾ വിലമതിക്കുന്ന മയക്കുമരുന്ന് ബാങ്കോക്കിൽനിന്ന് കടത്താൻ ശ്രമിച്ച മുൻ മിസ്സിസ് കേരള മത്സരാർഥി മുംബൈ വിമാനത്താവളത്തിൽ പിടിയിൽ. 2025-ലെ മിസ്സിസ് കേരള മത്സരത്തിലെ മത്സരാർഥിയായിരുന്ന ഹർഷ സണ്ണി (28) ആണ് 11.82 കോടി രൂപയുടെ കഞ്ചാവുമായി അറസ്റ്റിലായത്.
ഹർഷ സണ്ണി ജൂൺ 10ന് രാത്രിയിലാണ് ബാങ്കോക്കിൽ നിന്നുള്ള എയർ ഇന്ത്യയുടെ വിമാനത്തിൽ മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. എന്നാൽ വിമാനത്താവളത്തിലെ പതിവ് നിരീക്ഷണത്തിനിടെ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ എയർ ഇന്റലിജൻസ് യൂണിറ്റിലെയും കസ്റ്റംസ് വകുപ്പിലെയും ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞു നിർത്തുകയും തുടർന്ന് ഇവരെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു. ഹർഷയുടെ ട്രോളി ബാഗ് പരിശോധിച്ച ഉദ്യോഗസ്ഥർ അതിൽ സീൽ ചെയ്ത 12 പ്ലാസ്റ്റിക് പാക്കറ്റുകൾ കണ്ടെത്തുകയായിരുന്നു.
തുടർന്ന് നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് കിറ്റ് ഉപയോഗിച്ച് നടത്തിയ രാസപരിശോധനയിൽ ഇത് ഹൈഡ്രോപോണിക് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചു.
ഇതോടെ ലഹരിമരുന്ന് കടത്താൻ ശ്രമിച്ചതിന് എൻ.ഡി.പി.എസ് നിയമപ്രകാരം ഹർഷ സണ്ണിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇവരെ മുംബൈയിലെ ഫോർട്ട് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

