പാലാ നഗരസഭയില്‍ യുഡിഎഫില്‍ ഭിന്നത രൂക്ഷം, പുളിക്കക്കണ്ടം സ്വതന്ത്രബ്ലോക്കും കോണ്‍ഗ്രസും തമ്മില്‍ കേസും വഴക്കും, ഊറിചിരിച്ച് മാണി ഗ്രൂപ്പ്.
കോട്ടയം: ഭരണത്തിലേറി ഒരുവര്‍ഷം കഴിയുംമുമ്പേ പാലാ നഗരസഭയിലെ യുഡിഎഫില്‍ പ്രതിസന്ധി. യുഡിഎഫ് ഭരണ സഖ്യത്തിലെ പുളിക്കക്കണ്ടം ഫാമിലിയും കോണ്‍ഗ്രസുമായുളള പ്രശ്‌നങ്ങളാണ് ഭിന്നത വര്‍ധിപ്പിച്ചിരിക്കുന്നത്. 19 അംഗ നഗരസഭയില്‍ എല്‍ഡിഎഫ് 12 യുഡിഎഫ് 10 പുളിക്കക്കണ്ടം സ്വതന്ത്ര കൂട്ടായ്മ 3 സ്വതന്ത്ര 1 എന്നിങ്ങനെയാണ് കക്ഷി നില. ഓട്ടോ സ്റ്റാന്റ് മാറ്റിയതിനെ തുടര്‍ന്നു മുന്നണിയിലുണ്ടായ ഭിന്നത ഇപ്പോള്‍ കോണ്‍ഗ്രസ് അംഗത്തിനെതിരെ നഗരസഭാധ്യക്ഷ ഫയല്‍ മോഷണ കുറ്റം ആരോപിച്ച് പോലീസ് പരാതി നല്‍കിയതില്‍വരെ എത്തി.
പാലാ എംഎല്‍എ മാണി സി കാപ്പന്‍ നിക്ഷ്പക്ഷ നിലപാടിലാണെന്നും പ്രശ്‌നത്തില്‍ ഇടപെടുന്നില്ലെന്നും പരാതിയുണ്ട്. മന്ത്രി പദം ലഭിക്കാത്തതിനെ തുടര്‍ന്ന് കാപ്പന്റെ ക്യാമ്പും സജീവമല്ല. പുതിയ സംഭവ വികാസങ്ങള്‍ കേരളകോണ്‍ഗ്രസ് എമ്മിന് പ്രതീക്ഷ നല്‍കി. നഷ്ടപ്പെട്ട നഗരസഭാ ഭരണം തിരിച്ചുപിടിക്കാനുളള അന്തരീഷത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു എന്നതാണ് ജോസ് വിഭാഗത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ തിടുക്കം വേണ്ട എന്നാണ് നിലപാട്. അവിശ്വാസം കൊണ്ടുവരണമെന്ന് നിലപാട് ഒരു വിഭാഗത്തിനുണ്ട്. എന്നാല്‍ അത് വീണ്ടും യുഡിഎഫിനെ ഒരുമിപ്പിക്കുമെന്ന ചിന്താഗതിക്കാണ് മുന്‍തൂക്കം.
സ്വതന്ത്ര മുന്നണി കൂട്ടായ്മയിലെ കൗണ്‍സിലര്‍മാരായ ബിജു പുളിക്കക്കണ്ടവും ബിനു പുളിക്കക്കണ്ടവും കയ്യേറ്റം ചെയ്‌തെന്ന് കാട്ടി കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ് അംഗം ബിജു മാത്യൂസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കൂട്ടായ്മയിലെ ദിയ പുളിക്കക്കണ്ടമാണ് നഗരസഭാധ്യക്ഷ. ഉപാധ്യക്ഷ മായാ രാഹുല്‍ യുഡിഎഫ് വിമതയായി മത്സരിച്ചു ജയിച്ചശേഷം ഭരണ സഖ്യത്തിന്റെ ഭാഗമാകുകയായിരുന്നു.മുന്‍ധാരണ അനുസരിച്ചു മായ രാഹുല്‍ 6 മാസം തികയുന്ന ജൂണ്‍ 26നു രാജിവയ്ക്കണം. തുടര്‍ന്ന് ദിയയുടെ പിതാവും നഗരസഭാ കൗണ്‍സിലറുമായ ബിനു പുളിക്കക്കണ്ടമാണ് ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടേണ്ടത്. ഭരണമാറ്റത്തിന് തടസം സൃഷ്ടിക്കാനാണ് ഓട്ടോ സ്റ്റാന്റ് വിഷയം ഉയര്‍ത്തിയതെന്നും ആക്ഷേപമുണ്ട്. ഉപാധ്യക്ഷ പദം കൂടി സ്വതന്ത്രകൂ്ട്ടായ്മയ്ക്കു നല്‍കുന്നതിനോട് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് യോജിപ്പില്ല. ഇതോടെ ഭരണം പുളിക്കക്കണ്ടം ഫാമിലി കൈവശമാകും.
കൊട്ടാരമറ്റത്തെ ഓട്ടോ സ്റ്റാന്‍ഡ് വിഷയത്തില്‍ പൊലീസ് കേസുകളായതോടെയാണ് യുഡിഎഫ് ഭരിക്കുന്ന നഗരസഭയില്‍ ഭരണ പ്രതിസന്ധി ഉടലെടുത്തത്.തര്‍ക്കം ഒരാഴ്ചയിലേറെ പിന്നിട്ടിട്ടും പരിഹരിക്കാനായില്ല.സിപിഎം ഏരിയ കമ്മിറ്റി ഓഫിസിനു മുന്‍പില്‍ വര്‍ഷങ്ങളായുള്ള ഓട്ടോ സ്റ്റാന്‍ഡ് 10 ദിവസം മുന്‍പ് കൊട്ടാരമറ്റം സ്റ്റാന്‍ഡിലേക്ക് മാറ്റിയതാണ് വിവാദമായത്.കൊട്ടാരമറ്റം വാര്‍ഡിലെ കൗണ്‍സിലറായ ബിജു മാത്യൂസ് താല്‍പര്യമെടുത്താണ് ഓട്ടോ സ്റ്റാന്‍ഡ് മാറ്റിയതെന്ന് സ്വതന്ത്ര മുന്നണി കൂട്ടായ്മ ആരോപിക്കുന്നു. ഓട്ടോ സ്റ്റാന്‍ഡ് മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ നഗരസഭാ കൗണ്‍സിലിന്റെ അനുമതിയില്ലാതെ മാറ്റിയതാണ് പ്രശ്‌നത്തിനിടയാക്കിയതെന്നും സ്വതന്ത്ര മുന്നണി കൗണ്‍സിലര്‍മാര്‍ പറയുന്നു. ഓട്ടോ സ്റ്റാന്റ് വിഷയം കത്തുന്നതിനിടെയാണ് തന്റെ ഓഫീസിലെ ഫയലുകള്‍ കാണാതെപോയി എന്നാരോപിച്ച് ബിജുമാത്യൂസിനെതിരെ നഗരസഭാധ്യക്ഷ പോലീസില്‍ പരാതി നല്‍കിയത്.
ബിനു പുളിക്കക്കണ്ടം നഗരസഭാധ്യക്ഷനാകാന്‍ നീക്കം തുടങ്ങിയപ്പോഴാണ് കഴിഞ്ഞ ടേമില്‍ ഇടതുസഖ്യത്തില്‍ വിള്ളലുണ്ടായത്. കേരളകോണ്‍ഗ്രസ് എം ഇതിനെ എതിര്‍ത്തതോടെ ജോസ് കെ മാണിക്ക്എതിരെ ബിനു രംഗത്ത് വന്നു.പിന്നീട് തെരഞ്ഞെടുപ്പില്‍ സിപിഎം ബന്ധം ഉപേക്ഷിച്ച് സ്വതന്ത്രരായി കുടുംബം മത്സരിക്കുകയും ചെയ്തു. മത്സരിച്ച മൂന്നുപേരും ജയിച്ചു. ബിനു, ബിജു. ദിയ. ഇതില്‍ ദിയയെ ചെയര്‍പേഴ്‌സണാക്കാമെന്ന് യുഡിഎഫ് സമ്മതിച്ചതോടെയാണ് ഇവര്‍ യുഡിഎഫ് ഭരണസഖ്യഭാഗമായത്.

