Spread the love

പിണറായിയുടെ രക്ഷാപ്രവര്‍ത്തനത്തിന് പിന്നാലെ വീണാ ജോര്‍ജിനെതിരായ കരിങ്കൊടി പ്രകടന കേസും അന്വേഷിക്കുന്നു

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ്‌കാരെ പ്രതികളാക്കിയ മുന്‍ കേസുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായി മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസും തുടരന്വേഷിക്കുന്നു. പ്രതികളായ കെഎസ്യു പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് സര്‍ക്കാരിന്റെ തീരുമാനം. എസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാകും കേസ് അന്വേഷണം. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കികഴിഞ്ഞു.

ഫെബ്രുവരി 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ വീണാ ജോര്‍ജിനെതിരായ കെഎസ്യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെയായിരുന്നു വിവാദസംഭവം. ഒന്നാമത്തെ പ്ലാറ്റ്ഫോമിന് മുന്നില്‍വച്ച് കെഎസ്യു പ്രവര്‍ത്തകരും വീണാ ജോര്‍ജിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഉന്തുംതള്ളുമുണ്ടാകുകയായിരുന്നു. പ്രതിഷേധത്തിന് പിന്നാലെ യാത്ര റദ്ദാക്കിയ മന്ത്രിയെ പിന്നീട് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു.

സംഭവം വിവാദമായതിന് പിന്നാലെ അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആശുപത്രിയിലെത്തി വീണാ ജോര്‍ജിനെ കണ്ടിരുന്നു. രാത്രിയോടെ വിശദമായ പരിശോധനകള്‍ക്കായി മന്ത്രിയെ പരിയാരം ആശുപത്രിയിലേയ്ക്ക് മാറ്റി. പ്രതിഷേധത്തിനിടെ അറസ്റ്റുചെയ്ത അഞ്ച് കെഎസ്യു പ്രവര്‍ത്തകരെ ടൗണ്‍ പൊലീസിന് കൈമാറി. തുടര്‍ന്ന് ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

രണ്ടാഴ്ച കഴിഞ്ഞാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്. തുടക്കത്തില്‍ ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചെന്നായിരുന്നു വീണാ ജോര്‍ജിന്റെ ഗണ്‍മാന്റെ പരാതി. എന്നാല്‍ കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തുംതള്ളും മാത്രമാണ് ഉണ്ടായതെന്നായിരുന്നു വീണാ ജോര്‍ജിന്റെ മൊഴി.