തോട്ടത്തിന് ഇന്ന് വിട, മാധ്യമപ്രവര്‍ത്തക പെന്‍ഷന്‍ ഉള്‍പ്പടെ നിരവധി പദ്ധതികള്‍ക്ക് രൂപം നല്‍കിയത് തോട്ടം രാജശേഖരന്‍
തിരുവനന്തപുരം:എഴുത്തുകാരനും സംസ്ഥാന പബ്‌ളിക് റിലേഷന്‍സ് വകുപ്പ് മുന്‍ ഡയറക്ടറുമായ തോട്ടം രാജശേഖരന്‍ (95) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് വസതിയായ തോട്ടം മണക്കാട് ഉഷസിലായിരുന്നു അന്ത്യം. പരേതയായ എം.എല്‍.രാധമ്മയാണ് ഭാര്യ. മക്കള്‍: സബിത റാണി (റിട്ട. എ.ജി.എം സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ), പരേതരായ സുജയ് കുമാര്‍, നന്ദലാല്‍. മരുമക്കള്‍: കെ.ബി.രാജന്‍ (റിട്ട. എ.ജി.എം സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ), പ്രിയ, സുജയ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് ശാന്തികവാടത്തില്‍.
കേരള പ്രസ് അക്കാഡമിയുടെ ആദ്യ ഡയറക്ടര്‍, തോന്നയ്ക്കല്‍ ആശാന്‍ സ്മാരക സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മാര്‍ ഇവാനിയോസ് കോളേജ് അദ്ധ്യാപകനായും ആര്‍.ശങ്കര്‍ ആരംഭിച്ച ദിനമണി പത്രത്തില്‍ പത്രപ്രവര്‍ത്തകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സോഷ്യല്‍ എഡ്യുക്കേഷന്‍ ഓഫീസറായാണ് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചത്.കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് തോട്ടം രാജശേഖരനാണ്. പത്രപ്രവര്‍ത്തക യൂണിയന്റെ പാലക്കാട് സമ്മേളനത്തില്‍ കെ. കരുണാകരനെ കൊണ്ട് പദ്ധതി പ്രഖ്യാപിക്കുന്നതിനു പിന്നിലെ ആശയം തോട്ടത്തിന്റേതായിരുന്നു
പി.ആര്‍.ഡിയില്‍ നിന്ന് വിരമിച്ച ശേഷം ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം, സംസ്ഥാന സാംസ്‌കാരിക പ്രസിദ്ധീകരണ വകുപ്പ് ബോര്‍ഡ് അംഗം എന്നീ പദവികള്‍ വഹിച്ചു. സംസ്ഥാന സിനിമ അവാര്‍ഡ് കമ്മിറ്റി അംഗം, സെന്‍സര്‍ ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. സിനിമ മിഥ്യയും സത്യവും എന്ന കൃതിക്ക് സാഹിത്യ അക്കാഡമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മുഖം മൂടികള്‍, തൃഷ്ണ, നന്ദു, ബോധി, ശ്രീനാരായണ ധര്‍മ്മം, ശിവഗിരി സമരം ഒരു ശേഷ പത്രം, സിനിമ കലയും ജീവിതവും, എന്റെ ശ്രീപത്മനാഭ എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്. ഉദ്യോഗപര്‍വം എന്ന സര്‍വീസ് സ്റ്റോറിയും എഴുതി.

