Spread the love

ഏതു തരത്തിലുള്ള കാവിവത്കരണവും എതിര്‍ക്കുമെന്ന് റോജി എം.ജോണ്‍

 

കോട്ടയം: വിദ്യാഭ്യാസ രംഗത്തെ കാവിവത്കരണത്തോട് ഒരു കാരണവശാലും ഈ സര്‍ക്കാര്‍ യോജിക്കുന്നില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോണ്‍. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതു തരത്തിലുള്ള കാവിവല്‍ക്കരണം ഉണ്ടായാലും അതിനെ പ്രതിരോധിക്കാനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. ഇപ്പോള്‍ വിമര്‍ശനം ഉന്നയിക്കുന്നവര്‍ അവരുടെ കാലത്ത് എന്താണ് നടന്നതെന്ന് അവര്‍ തന്നെ ചിന്തിക്കുന്നത് നന്നാവും. കേരളത്തിലെ സര്‍വകലാശാലകളില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഇടപെടുന്ന രീതി ആരംഭിച്ചത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ്. ജന്മഭൂമി ലേഖകര്‍ ആയിരുന്നവരും ആര്‍.എസ്.എസ്, ബി.ജെ.പിയുമായി ബന്ധമുള്ളവരും സെനറ്റിലും സിന്‍ഡിക്കേറ്റിലും എല്‍.ഡി.എഫ് കാലത്ത് വന്നു. അതുപോലെ നിരവധി പേരെ വൈസ് ചാന്‍സലര്‍മാരായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ചിട്ടുണ്ട്. ഇന്ന് സമരം ചെയ്യുന്നവരൊക്കെ അന്ന് എന്തെടുക്കുകയായിരുന്നുവെന്നും മന്ത്രി ചോദിച്ചു. അന്ന് ഗവര്‍ണര്‍-സര്‍ക്കാര്‍ മോക് ഫൈറ്റും നടന്നു. ഒരു ദിവസം അന്നത്തെ മുഖ്യമന്ത്രിയും ഗവര്‍ണറും കൂടിക്കാഴ്ച നടത്തി. ഇതിനുശേഷം സ്വിച്ച് ഇട്ടപോലെ സമരം അവസാനിച്ചുവെന്നും റോജി പരിഹസിച്ചു.

ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ ഏത് സ്ഥാനത്ത് നിയമിക്കണമെന്നത് സര്‍ക്കാരിന്റെ അവകാശമാണ്. കഴിഞ്ഞ സര്‍ക്കാരിന് താല്പര്യമില്ലാത്ത ആളുകളെ ഈ സര്‍ക്കാര്‍ നിയമിക്കരുത് എന്ന് പറയുന്നവര്‍ ഏത് ലോകത്താണ് ജീവിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിനെ വിമര്‍ശിച്ചു എന്നതിന്റെ പേരില്‍ പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥനാണ് ബി. അശോക്. അദ്ദേഹത്തെ ഈ സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുത്തു. അദ്ദേഹത്തിന് കൃത്യമായ പോസ്റ്റിങ്ങ് നല്‍കുക എന്നത് ഈ സര്‍ക്കാരിന്റെ ഭരണപരമായ തീരുമാനമാണ്. ഭരണം മാറിയിട്ടുണ്ടെങ്കില്‍ അതിന്റെ മാറ്റം എല്ലാതലത്തിലും കാണുമെന്നും റോജി എം.ജോണ്‍ പറഞ്ഞു.