Spread the love

രാജസ്ഥാനിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സും ആരാധകരുമുണ്ടായിരുന്ന ഇൻഫ്ലുവൻസർ അനിത ബിഷ്ണോയി ലൈവ് ഷോയ്ക്കിടെ വിഷം കഴിച്ചു. തുടർച്ചയായ ഓൺലൈൻ ട്രോളിംഗും വ്യക്തിപരമായ സമ്മർദ്ദവും കാരണമാണ് അവർ ആത്മഹത്യക്ക് ശ്രമിച്ചത്.

നിലവിൽ ഇവ‍ർ നിലവിൽ ജോധ്പൂരിലെ എംഡിഎം ആശുപത്രിയിൽ ചികിത്സയിലാണ്. രാജസ്ഥാന്റെ പാരമ്പര്യങ്ങൾ, സമൂഹ പ്രശ്നങ്ങൾ എന്നിവയെ കേന്ദ്രീകരിച്ചുള്ള ഉള്ളടക്കത്തിലൂടെ അനിത ബിഷ്‌ണോയി തന്റേതായ ഓൺലൈൻ സാന്നിധ്യം സൃഷ്ടിച്ചിട്ടുണ്ട്. ഫേസ്ബുക്കിൽ ഏകദേശം 13 ലക്ഷം ഫോളോവേഴ്‌സും ഇൻസ്റ്റാഗ്രാമിൽ ആറര ലക്ഷത്തോളം ഫോളോവേഴ്‌സുമുള്ള ഇൻഫ്ലുവൻസറാണ് അനിത ബിഷ്ണോയി.

‘ഇനി നിങ്ങൾ എന്നെ കാണില്ല’
കഴിഞ്ഞ ബുധനാഴ്ച രാവിലെ ഇന്‍സ്റ്റാഗ്രാം ലൈവ് ചെയ്തതിന് പിന്നാലെയാണ് അനിത വിഷം കഴിച്ചതെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ലൈവ് ഷോയിൽ സമൂഹ മാധ്യമങ്ങളിലൂടെ ചിലർ അപകീർത്തികരമായ പരാമർശം നടത്തുണ്ടെന്നും തനിക്കെതിരെ പ്രവർത്തിക്കുന്നുണ്ടെന്നും അനിത ആരോപിച്ചിരുന്നു. “എന്നെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തുന്നവരോട്, മരിക്കുക എളുപ്പമല്ലെന്ന് ഞാൻ നിങ്ങളോട് പറയട്ടെ, പക്ഷേ, എന്‍റെ പ്രശസ്തിക്ക് കളങ്കം വരുത്തുന്നതിലൂടെ നിങ്ങൾക്ക് ഒന്നും നേടാനാവില്ല. നിങ്ങൾക്ക് സംസാരിക്കണമെങ്കിൽ, നേരിട്ട് വന്ന് എന്നോട് സംസാരിക്കുക. അല്ലെങ്കിൽ, പോലീസ് എന്ത് വേണമെങ്കിലും കൈകാര്യം ചെയ്യും.” അതിന് പിന്നാലെ ‘നിങ്ങളുടെ സഹോദരിയെ ഇനി കാണില്ലെന്ന’ തരത്തിലുള്ള ഒരു സന്ദേശവും അവർ പങ്കുവച്ചു.

അനിത ബിഷ്ണോയിയ്ക്ക് രാജസ്ഥാനിലെ മറ്റൊരു ഇൻഫ്ലുവൻസറിൽ നിന്ന് നിരന്തരം പീഡനവും മറ്റുള്ളവരിൽ നിന്ന് ഭീഷണിയും നേരിടേണ്ടിവന്നിരുന്നതായി ഇവരുടെ ഭർത്താവ് ആരോപിച്ചു. അനിത ഇപ്പോൾ ഐസിയുവിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)