കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവും അരൂർ എം.എൽ.എയുമായ ഷാനിമോൾ ഉസ്മാൻ തിരഞ്ഞെടുക്കപ്പെട്ടു. ഷാനിമോൾക്ക് 99 വോട്ടും സിപിഐയിലെ മുഹമ്മദ് മൊഹ്സിന് 34 വോട്ടുമാണ് ലഭിച്ചത്. ബിജെപിയുടെ 3 എംഎൽഎമാരും വിട്ടുനിന്നു. സ്പീക്കറും വോട്ടു ചെയ്തില്ല.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അരൂർ മണ്ഡലത്തിൽ നിന്ന് സി.പി.എമ്മിലെ ദലീമയെ പരാജയപ്പെടുത്തിയാണ് അവർ രണ്ടാം തവണയും നിയമസഭയിലെത്തിയത്.
ആലപ്പുഴ തകഴി കുന്നുമ്മ വലിയപുരയ്ക്കൽ ഇബ്രാഹിംകുഞ്ഞിന്റെ മകളായ ഷാനിമോൾ ഉസ്മാൻ, ആലപ്പുഴ എസ്.ഡി. കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കെ.എസ്.യു വിലൂടെയാണ് രാഷ്ട്രീയരംഗത്ത് പ്രവേശിക്കുന്നത്. കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റായും കേരള സർവകലാശാല സെനറ്റ് അംഗമായും പ്രവർത്തിച്ചു.
കേരളത്തിൽ നിന്ന് എ.ഐ.സി.സി സെക്രട്ടറിയാകുന്ന ആദ്യ വനിതയെന്ന ചരിത്രനേട്ടം ഷാനിമോൾ ഉസ്മാന് സ്വന്തമാണ്. നിലവിൽ കെ.പി.സി.സി നിർവാഹക സമിതി അംഗമാണ്
മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്,ആലപ്പുഴ നഗരസഭാ ചെയർപേഴ്സൻ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം,യൂത്ത് കോൺഗ്രസ് – എൻ.എസ്.യു കോ-ഓർഡിനേഷൻ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

