അമ്മയ്ക്കൊപ്പം പശുവളര്‍ത്തലില്‍ സഹായിച്ച ഓര്‍മകളുമായി മുഖ്യമന്ത്രി. ലോകക്ഷീര ദീനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി വി.ഡി സതീശന്
തിരുവനന്തപുരം: ലോകക്ഷീര ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രിക്ക് ഇന്നലെകളിലേക്കുളള തിരിച്ചുപോക്കായി. തന്റെ കുട്ടിക്കാലവും പശുവളര്‍ത്തലുമാണ് മുഖ്യമന്ത്രി ഇവിടെ ഓര്‍മിച്ചത്.അമ്മയോടൊപ്പം ചേര്‍ന്ന് നടത്തിയ പശുവളര്‍ത്തല്‍ ദിനങ്ങള്‍ കോളേജ് കാലത്തെ പോക്കറ്റ് മണി ഇതെല്ലാം മുഖ്യമന്ത്രി വിവരിച്ചു.
‘കുട്ടിക്കാലത്ത് വീട്ടില്‍ പശുക്കളുണ്ടായിരുന്നു. അമ്മയ്ക്കായിരുന്നു മേല്‍നോട്ടം. അമ്മയെ സഹായിക്കാന്‍, തൊഴുത്ത് കഴുകലും പുല്ലും വയ്ക്കോലും എത്തിക്കലും പതിവായിരുന്നു.പാല് വിറ്റുള്ള വരുമാനം അമ്മയുടെ സ്വകാര്യ സമ്പാദ്യമായിരുന്നു. കോളേജ് പഠനകാലത്ത് ഉള്‍പ്പെടെ ഇതില്‍ നിന്ന് പണം, അമ്മ ചെലവിന് നല്കി. നെയില്‍ പോളിഷ് ഇട്ടുനടക്കുന്നവരെ പോലെയല്ല ക്ഷീരകര്‍ഷകരായ സ്ത്രീകളുടെ വിരലുകള്‍. കുഴിനഖം ബാധിച്ച അവരുടെ വിരലുകള്‍ കഷ്ടപ്പാടിന്റെ അടയാളമാണ്. അതുകൊണ്ട് കൃത്യമായ വരുമാനം ലഭ്യമാക്കണമെന്നാണ് ആഗ്രഹം.
ക്ഷീരവകുപ്പില്‍ നോട്ടമുണ്ടായിരുന്നു. എന്നാല്‍ ബിന്ദുകൃഷ്ണ അത് ഭംഗിയായി കൈകാര്യം ചെയ്യുമെന്നതിനാല്‍ നല്കി. പാലില്‍ മായം ചേര്‍ക്കുന്നത് കണ്ടുപിടിക്കാന്‍, പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കും’- അദ്ദേഹം പറഞ്ഞു. മന്ത്രി ബിന്ദു കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. മില്‍മ ചെയര്മാന്മാരായ കെ.എസ്.മണി, മണി വിശ്വനാഥ്, സി.എന്‍.വല്‍സലന്‍പിള്ള, അഡീഷണല്‍ ചീഫ് സെക്രട്ടറി മിന്‍ഹാജ് ആലം തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുവനന്തപുരം ജവഹര്‍ സഹകരണ ഭവനിലായിരുന്നു ചടങ്ങ്.

