Spread the love

അറ്റ്ലാന്റ/ മൂവാറ്റുപുഴ: ‘ ഞാനാണെങ്കില്‍ ഈ കാലാവസ്ഥയില്‍, കുറഞ്ഞ കാഴ്ചപരിധിയില്‍ ഒരിക്കലും വിമാനം പറത്തില്ല…’ – അമേരിക്കയിലെ ഡെല്‍റ്റ എയര്‍ലൈന്‍സില്‍ പൈലറ്റായ മൂവാറ്റുപുഴ സ്വദേശി ഡേവ് ഫിജി (25)മരണത്തിനു തൊട്ടു മുൻപ് പിതാവിനോട് പറഞ്ഞ വാക്കുകളാണിത്.

ഡേവ് പ്രകടിപ്പിച്ച ഈ ആശങ്കപോലും വകവെക്കാതെയുള്ള ഉയരത്തില്‍ പറക്കാമെന്ന ഹെലികോപ്റ്റര്‍ പൈലറ്റിന്റെ അമിത ആത്മവിശ്വാസമാണ് രണ്ട് ജീവനുകള്‍ പൊലിഞ്ഞ വലിയ ദുരന്തമായി മാറിയിരിക്കുന്നത്.

അറ്റ്ലാന്റാ നിവാസിയും ഡെൽറ്റ എയർലൈൻസിലെ (Delta Air Lines) പൈലറ്റുമായ ഡേവ് ഫിജി (25) ആണ് വെള്ളിയാഴ്ച ഡോസൺ കൗണ്ടിയിലെ ഡോസൺവില്ലിക്ക് സമീപം അഞ്ച് സീറ്റുകളുള്ള റോബിൻസൺ ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. അപകടത്തിൽ പരിക്കുകളോടെ രക്ഷപ്പെട്ട നവവധു ജെസ്നി നിലവിൽ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ഹെലികോപ്റ്റർ ഓടിച്ചിരുന്ന പൈലറ്റും അപകടത്തിൽ മരണപ്പെട്ടിട്ടുണ്ട്.

പത്തുവര്‍ഷം മുമ്പ് ന്യൂ ടെസ്റ്റമെന്റ് ചര്‍ച്ചില്‍വെച്ച് തുടങ്ങിയ ദീര്‍ഘകാലത്തെ സൗഹൃദവും പ്രണയവുമാണ് മൂവാറ്റുപുഴ സ്വദേശി ഡേവും തിരുവല്ല സ്വദേശിനി ജെസ്നിയും തമ്മിലുള്ള വിവാഹത്തിലെത്തിയത്. ഡോസണ്‍വില്ലയിലെ ‘ദി റെവെറെ’ ഓഡിറ്റോറിയത്തില്‍ നൂറുകണക്കിനാളുകളെ സാക്ഷിനിര്‍ത്തി കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഇവരുടെ മംഗല്യം.ചടങ്ങുകള്‍ക്ക് ശേഷം രാത്രി ഒമ്പതരയോടെയാണ് പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് പോകാനായി ഇരുവരും ഹെലികോപ്റ്ററില്‍ കയറിയത്.

എന്നാല്‍, പെട്ടെന്ന് കനത്ത മഴയും മൂടല്‍മഞ്ഞും പെയ്യുന്നുണ്ടായിരുന്നു. എന്നാല്‍, ഉയരത്തില്‍ പറന്നാല്‍ പ്രതിസന്ധി മറികടക്കാമെന്ന് ഹെലികോപ്റ്റര്‍ പൈലറ്റ് ഉറപ്പുനല്‍കിയതോടെയാണ് വധൂവരന്മാര്‍ റോബിന്‍സണ്‍ ആര്‍-66 ഹെലികോപ്റ്ററില്‍ യാത്ര തുടര്‍ന്നത്.

കനത്ത മൂടല്‍മഞ്ഞില്‍ പെട്ട് നിയന്ത്രണം നഷ്ടമായി വന്‍മരങ്ങളുടെ ചില്ലകളില്‍ ഇടിക്കുകയായിരുന്നു. ഡോസണ്‍വില്ലയിലെ 24 മൗണ്ട് വെര്‍നണ്‍ ഡ്രൈവിന് സമീപമുള്ള വിജനമായ കാട്ടുപ്രദേശത്താണ് ഹെലികോപ്റ്റര്‍ പതിച്ചത്.