Spread the love

ഭോപ്പാൽ: ഭോപ്പാലിൽ വിവാഹം കഴിഞ്ഞ് അഞ്ചാം മാസം നോയിഡ സ്വദേശിനി ട്വിഷ ശർമ്മ ഭർതൃഗൃഹത്തിൽ മരിച്ച സംഭവത്തിൽ യുവതിയുടെ കുടുംബത്തിന്റെ ആരോപണങ്ങൾ തള്ളി ഭർതൃമാതാവ് രംഗത്ത്. മുപ്പത്തിമൂന്നുകാരിയായ മരുമകൾക്ക് ഗുരുതരമായ മാനസിക രോഗമുണ്ടായിരുന്നെന്നും ഇരട്ട വ്യക്തിത്വത്തിന് ഉടമയായിരുന്നെന്നുമാണ് ട്വിഷയുടെ ഭർത്താവിന്റെ അമ്മയും മുൻ ജഡ്ജിയുമായ ഗിരിബാല സിങ്ങിന്റെ വാദം.

2024-ൽ ഒരു ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ട്വിഷയും ഗിരിബാല സിങ്ങിന്റെ മകൻ സമർത്ഥും പരിചയപ്പെട്ടത്. അഞ്ചുമാസം മുൻപാണ് ഭോപാലിലെ അഭിഭാഷകനായ സമർഥ് സിങ്ങും ട്വിഷയും വിവാഹിതരായത്. എന്നാൽ, വിവാഹശേഷം ട്വിഷയ്ക്ക് ഭർതൃവീട്ടിൽനിന്ന് പീഡനം നേരിടേണ്ടിവെന്നാണ് കുടുംബം പറയുന്നത്. വിവാഹം കഴിഞ്ഞയുടൻ ട്വിഷയ്ക്ക് പിതാവ് നൽകിയ ഓഹരികളടക്കമുള്ള 20 ലക്ഷം രൂപയുടെ നിക്ഷേപം തങ്ങൾക്ക് നൽകാൻ ഭർത്താവും ഭർതൃമാതാവും നിർബന്ധിച്ചിരുന്നു. റിട്ട. ജഡ്ജി കൂടിയായ ഭർതൃമാതാവ് മകളെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും മാതാപിതാക്കൾ ആരോപിച്ചു.

അടുത്തിടെ ട്വിഷ ഗർഭിണിയായെങ്കിലും ഭർത്താവും ഭർതൃവീട്ടുകാരും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയതായും കുടുംബം ആരോപിക്കുന്നുണ്ട്. ട്വിഷയ്ക്ക് കുഞ്ഞിന് ജന്മം നൽകാനായിരുന്നു ആഗ്രഹം. എന്നാൽ, ഇതുകേൾക്കാതെ ഭർതൃവീട്ടുകാർ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയായിരുന്നു. ഇത് മകളെ മാനസികമായി ഏറെ തളർത്തിയെന്നും കുടുംബം പറഞ്ഞു.

സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് സമർത്ഥിനെ കണ്ടെത്താൻ ഭോപ്പാൽ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും 10,000 രൂപ പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.