Spread the love

സതീശൻ സർക്കാർ നടപ്പാക്കുന്ന സൗജന്യ യാത്ര പദ്ധതി കെ എസ് ആർ ടി സിയിൽ ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, ലിമിറ്റഡ് സ്റ്റോപ്പ് ബസുകളെ ഉൾപ്പെടുത്താനാണ് ആലോചന.

സ്ത്രീകൾക്ക് സൗജന്യയാത്ര നൽകാനാണ് സർക്കാർ ആലോചിക്കുന്നതെന്ന് റിപ്പോർട്ട്. ഇക്കാര്യത്തെക്കുറിച്ചടക്കം ചർച്ചചെയ്യാൻ ഉന്നത ഉദ്യോഗസ്ഥരുടെ യാേഗം നാളെ വിളിച്ചിട്ടുണ്ട്.

 

ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിൽ സൗജന്യയാത്ര അനുവദിച്ചാൽ സർക്കാർ പ്രതിമാസം 60 കോടിയോളം രൂപ കെ എസ് ആർ ടി സിക്ക് നൽകേണ്ടിവരും എന്നാണ് കരുതുന്നത്. പ്രതിദിനം പന്ത്രണ്ടുലക്ഷത്തോളം സ്ത്രീകൾ കെ എസ് ആർ ടി സി ബസുകളിൽ യാത്രചെയ്യുന്നുണ്ട് എന്നാണ് കണക്ക്.

 

ഇപ്പോൾത്തന്നെ ശമ്പളമുൾപ്പെടെ നൽകാൻ സർക്കാർ സഹായം കെ എസ് ആർ ടി സിക്ക് നൽകുന്നുണ്ട്. സ്ഥാപനത്തിന് അധിക ബാദ്ധ്യതവരുത്താതെ എങ്ങനെ പദ്ധതി നടപ്പാക്കാം എന്ന ആലോചനയിലാണ് ബന്ധപ്പെട്ടവർ. എന്നാൽ ഇത് എത്രത്താേളം കാര്യക്ഷമമാകുമെന്ന് വ്യക്തമല്ല. ഇക്കാര്യത്തിലടക്കം കൂടുതൽ വ്യക്തതവരുത്താനാണ് തീരുമാനം നടപ്പാക്കുന്നത് അടുത്തമാസത്തേക്ക് നീട്ടിയതെന്നാണ് കരുതുന്നത്. ഇന്നലെ മുഖ്യമന്ത്രി വിഡി സതീശനാണ് സൗജന്യയാത്രാ പദ്ധതി അടുത്തമാസം 15 മുതൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്.

 

അതേസമയം, സൗജന്യയാത്ര നടപ്പാക്കുന്നതിനെതിരെ സ്വകാര്യ ബസുകാർ രംഗത്തെത്തിയിട്ടുണ്ട്. പദ്ധതി നടപ്പാക്കിയാൽ സ്ത്രീകൾ യാത്രയ്ക്ക് പൂർണമായും കെ എസ് ആർ ടി സി ബസുകളെ ആശ്രയിക്കുമെന്നും സ്വകാര്യബസുകൾ സർവീസ് അവസാനിപ്പിക്കേണ്ടിവരുമെന്നുമാണ് വാദം.