Spread the love

യവത്മാൽ: ഉറങ്ങിക്കിടന്ന ഭർത്താവിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. കാമുകനുമായുള്ള ബന്ധത്തിന് തടസ്സമായി ഭർത്താവ് നിന്നതോടെയാണ് ഇരുവരും ചേർന്ന് വധശ്രമം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലാണ് സിനിമയെ വെല്ലുന്ന ക്രൂരത അരങ്ങേറിയത്.

ഗജാനൻ മോറെ എന്ന യുവാവാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഭാര്യ കൗഡി മോറെ, ഇവരുടെ കാമുകനായ വിഷ്ണു കാഡു എന്നിവരാണ് അറസ്റിലായത്.

മേയ് മൂന്നിന് രാത്രി ഗജാനൻ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ആക്രമണം. ഒരു അലുമിനിയം വയറിന്റെ ഒരറ്റം സ്വിച്ച് ബോർഡിലെ ഇലക്ട്രിക് വയറിലും മറ്റേ അറ്റം ഗജാനന്റെ ശരീരത്തിലും ബന്ധിപ്പിച്ച ശേഷം സ്വിച്ചിടുകയായിരുന്നു. എന്നാൽ ഷോക്കേറ്റയുടൻ ഗജാനൻ ഞെട്ടിയുണർന്നു. ഇരു കൈകളിലും ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പ്രതികൾ കൃത്യത്തിനായി ഉപയോഗിച്ച വയറുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.