Spread the love

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് ചേർന്ന സംസ്ഥാന സ്റ്റിയറിംഗ്  കമ്മിറ്റി യോഗത്തിനുശേഷം സിപിഎമ്മിനെതിരെ പാർട്ടി ചെയർമാൻ ജോസ് കെ മാണി തന്നെ വിമർശിച്ചത് ഇടതു രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നു. 2021 ൽ പാലായിൽ  പരാജയപ്പെട്ടത് സിപിഎമ്മിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു. എങ്കിലും ജോസ് കെ മാണി മുന്നണിയെ കുറ്റപ്പെടുത്താതെ ഒപ്പം ചേർന്നു പോവുകയായിരുന്നു. പാലായിലെ യോഗത്തിൽ തോമസ് ചാഴിക്കാടനെ പിണറായി ശാസിച്ചിട്ട് പോലും ജോസ് കെ മാണി സംയമനം പാലിച്ചതാണ്.

 

പിണറായി വിജയനെതിരെ സംസാരിക്കുന്നവരെ വർഗ്ഗ വഞ്ചകർ എന്ന് ലേബൽ കുത്തിയാണ് പാർട്ടി പിന്നീട് കാണുക. സിപിഎമ്മിനെയും പിണറായി ഭരണത്തെയും വിമർശിക്കുക വഴി ജോസ് കെ മാണി പാർട്ടിയിലെ അലിഖിത നിയമപ്രകാരം ഇപ്പോൾ വർഗ്ഗ ശത്രുവായി കഴിഞ്ഞു.

 

എന്നാൽ 2026 ൽ വളരെ കുറഞ്ഞ വോട്ടുകൾക്ക് പാലാ വീണ്ടും നഷ്ടപ്പെട്ടതോടെ ജോസ് കെ മാണി നിലപാട് മാറ്റി. പാർട്ടി പന്ത്രണ്ട് സീറ്റിലും പരാജയപ്പെട്ടതോടെ ഇനി ഇടതു ക്യാമ്പിൽ മൗനം ഭൂഷണമല്ല എന്ന് കരുതിയാവാം സിപിഎം ക്രോസ് വോട്ട് ചെയ്തു എന്ന് ആരോപണം പാർട്ടി ചെയർമാൻ തന്നെ ഉയർത്തിയത്.

 

ജോസ് കെ മാണിയുടെ ഈ വാക്കുകൾ സിപിഎമ്മിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഇങ്ങനെയൊരു പ്രതികരണം ജോസ് കെ മാണിയിൽ നിന്നും അവർ പ്രതീക്ഷിച്ചില്ല. കനത്ത പരാജയത്തിന്റെ ഷോക്കിൽ നിന്നും പാർട്ടി വിട്ടുമാറാത്തതിനാൽ പതിവ് ശൈലിയിൽ നേതാക്കൾ ആരും ഇതുവരെ കേരള കോൺഗ്രസിന് മറുപടി നൽകിയിട്ടില്ല. പോളിറ്റ് ബ്യൂറോ യോഗം കഴിഞ്ഞു പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ തിരുവനന്തപുരത്ത് തിരിച്ചെത്തിയിട്ടുണ്ട്. ഇനി ഒരുപക്ഷേ പ്രസ്താവനയുടെ വിശദീകരണം സിപിഎം ആവശ്യപ്പെട്ടേക്കാം.

പക്ഷേ ജോസ് കെ മാണി ഇത്തരത്തിൽ  പ്രസ്താവന പരസ്യമായി നടത്തുമ്പോൾ സിപിഎമ്മിൽ ഉണ്ടാക്കുന്ന പ്രതികരണം സ്വാഭാവികമായും അറിയാം. പരസ്യമായി അഭിപ്രായ പ്രകടനം നടത്തുന്നവരെ മുന്നണിയിൽ നിന്നും വെട്ടി നിരത്തുക എന്ന സമീപനമാണ് പിണറായിസത്തിൽ നടപ്പാക്കിയിരുന്നത്. അങ്ങനെയെങ്കിൽ  ഇനി കേരള കോൺഗ്രസിന് എൽഡിഎഫിൽ മുന്നോട്ടു പോകാൻ ആവില്ല. അങ്ങനെയെങ്കിൽ മറ്റൊരു ലാവണം ജോസ് കെ മാണി കണ്ടെത്തിയിട്ടുണ്ടാകണം എന്നാണ് പൊതുവേ കരുതുന്നത്.

വേണ്ടപ്പോൾ മാത്രം പ്രതികരിക്കുക എന്ന വേറിട്ട രാഷ്ട്രീയ ശൈലിയാണ് ജോസ് കെ മാണിക്ക് ഉള്ളത്..കേരള കോൺഗ്രസ് ബിജെപി മുന്നണി ഭാഗമാകും എന്ന നിലയിൽ റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്നാൽ പിസി ജോർജിന്റെ മുൻകിങ്കരനാണ്  ഈ റിപ്പോർട്ടുകൾ പിന്നിൽ എന്നാണ് കേരള കോൺഗ്രസ് എം നേതാക്കൾ പറയുന്നത്. ഈ റിപ്പോർട്ട് പൂർണമായി കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് തള്ളിക്കളയുകയും ചെയ്തിട്ടുണ്ട്.

പാർലമെൻററി പ്രാതിനിധ്യമുള്ള കേരള കോൺഗ്രസിലെ ഏക നേതാവ് ഇപ്പോൾ ജോസ് കെ മാണിയാണ്. രാജ്യസഭാംഗം എന്ന നിലയിൽ. നിയമസഭയിൽ അംഗങ്ങൾ ഒന്നും തന്നെയില്ല. ഈ സാഹചര്യത്തിൽ പാർട്ടിയിലെ കരുത്തൻ ജോസ് കെ മാണിയാണ്. രാജ്യസഭാ കാലാവധി അവസാനിക്കുന്നതിന് മുമ്പ് രാഷ്ട്രീയ തീരുമാനം കൈക്കൊള്ളും എന്ന കാര്യത്തിൽ സംശയമില്ല.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യുഡിഎഫിലേക്ക് ക്ഷണം ലഭിച്ചുവെങ്കിലും അത് റോഷി അഗസ്റ്റിൻ പാലം വലിച്ചതോടെ പൊളിഞ്ഞു. എങ്കിലും പിണറായി സർക്കാർ അധികാരത്തിൽ വരുമെന്ന് തന്നെയായിരുന്നു റോഷി ഉൾപ്പെടെയുള്ള നേതാക്കൾ വിശ്വസിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയതോടെ തീർത്തും വെട്ടിലായിരിക്കുകയാണ്.  ഇതോടെ റോഷിയുടെ രാഷ്ട്രീയ ഭാവിയും ചോദ്യചിഹ്നം ആയിരിക്കുകയാണ്.

പാർട്ടി 100% ഉറപ്പിച്ച കാഞ്ഞിരപ്പള്ളി സീറ്റും നഷ്ടപ്പെട്ടതാണ് പാർട്ടി നേതൃത്വത്തെ പ്രകോപിപ്പിചതിന് പ്രധാനകാരണം. പ്രമോദ് നാരായണൻ നെതിരെയും പാർട്ടിക്കുള്ളിൽ കടുത്ത എതിർപ്പാണുള്ളത്. സോഷ്യൽ മീഡിയയിലും അത് വ്യാപകമാണ്. കേരള കോൺഗ്രസ് എമ്മിന്റെ ലേബലിൽ സിപിഎമ്മിന് വേണ്ടി പ്രവർത്തിച്ചു എന്ന ആരോപണമാണ് പ്രധാനമായും ഉള്ളത്. അച്ചടക്ക നടപടിയെടുക്കണമെന്ന് വരെയാണ് ആവശ്യം.

 

തെരഞ്ഞെടുപ്പിന് ശേഷം ഫലത്തിൽ പാർട്ടി പൂർണ്ണമായും  ജോസിന്റെ കയ്യിലാണ്. തുടർ രാഷ്ട്രീയ തീരുമാനങ്ങളും എടുക്കുന്നതിന് അതുകൊണ്ടുതന്നെ ജോസിന് പ്രതിബന്ധങ്ങൾ ഇല്ല.