Spread the love

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകം അപ്രതീക്ഷിത മുന്നേറ്റമാണ് ഇപ്പോഴും കാഴ്ചവെക്കുന്നത്. ഭൂരിഭാഗം മണ്ഡലങ്ങളിലും തവെക സ്ഥാനാർത്ഥികൾ വിജയമുറപ്പിച്ചു കഴിഞ്ഞു.

ഇതുവരെയുള്ള കണക്കുകൾ പ്രകാരം, ആകെയുള്ള 234 മണ്ഡലങ്ങളിൽ 106 സീറ്റുകളിൽ ടിവികെ സ്ഥാനാർത്ഥികളാണ് മുന്നിട്ടുനിൽക്കുന്നത്.

ഭരണകക്ഷിയായ ഡിഎംകെ 55 സീറ്റുകളിൽ ലീഡ് ചെയ്യുകയും ഒരു സീറ്റിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. എഐഎഡിഎംകെ 53 സീറ്റുകളിലും പിഎംകെ 5 സീറ്റുകളിലും കോൺഗ്രസ് 4 സീറ്റുകളിലുമാണ് നിലവിൽ മുന്നിട്ടുനിൽക്കുന്നത്. സിപിഐ 2 സീറ്റുകളിലും സിപിഐ എം 1 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.

രാവിലെ 8 മണിക്ക് ആരംഭിച്ചപ്പോൾ ഡിഎംകെ ലീഡ് ചെയ്തെങ്കിലും തുടർന്ന് വിജയ് നയിക്കുന്ന ടിവികെയുടെ കുതിപ്പാണ് കാണാൻ കഴിഞ്ഞത്. ഡിഎംകെയെയും എഐഡിഎംകെയെയും പിന്തള്ളി ടിവികെ ബഹുദൂരം മുന്നിലാണ്. സംസ്ഥാനത്തെ ആകെ പോളിംഗ് ശതമാനം 85.10 ആണ്. ഡിഎംകെ തമിഴ്‌നാട്ടിൽ മികച്ച ഭൂരിപക്ഷത്തിൽ അധികാരം നിലനിർത്തുമെ ന്നായിരുന്നു എക്സിറ്റ് പോളുകളുടെ പ്രവചനം. ഈ പ്രവചനങ്ങൾ കാറ്റിൽപ്പറത്തുന്ന ഫലങ്ങളാണ് തമിഴ്നാട്ടിൽ നിന്ന് വരുന്നത്.

രജനീകാന്ത് കഴിഞ്ഞാൽ സ്വന്തം സ്റ്റെൽ കൊണ്ടും ചിരികൊണ്ടും ആരാധകരെ അത്രമേൽ ഇളക്കിമറിക്കുന്ന മറ്റൊരുതാരം വിജയ് മാത്രമാണെന്ന നിരീക്ഷണങ്ങളാണ് തിരഞ്ഞെടുപ്പ് പ്രചരണസമയത്ത് തമിഴകത്ത് നിന്ന് കേട്ടിരുന്നത്. എന്നാൽ രാഷ്ട്രീയഗോദയിൽ വിജയ് രജനിക്കും മുകളിലാണെന്ന കാഴ്ച്ചയാണ് ഇപ്പോൾ പുറത്ത് വരുന്നത്. വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്കടുക്കുമ്പോൾ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (ടിവികെ)മാറുന്നു. കന്നിയങ്കത്തിൽ വിജയ് നേടുന്ന വിജയം മറ്റ് ദ്രാവിഡപാർട്ടികളെ ഒന്നാകെ അമ്പരപ്പിച്ചിരിക്കുകയാണ്.

അതേസമയം, തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ചരിത്രതാളുകളിൽ പുതിയൊരു അധ്യായം കുറിക്കപ്പെടുന്ന കാഴ്ചയ്ക്കാണ് ഇന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങൾ സാക്ഷ്യം വഹിക്കുന്നത്. നിലവിലെ ട്രെൻഡ് തുടരുകയാണെങ്കിൽ തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇതൊരു വലിയ അട്ടിമറിയാകും. വിജയ്‌യുടെ ചെന്നൈയിലെ വസതിയിൽ മാതാപിതാക്കളും കുടുംബാംഗങ്ങളും ആഹ്ലാദപ്രകടനം തുടങ്ങി കഴിഞ്ഞു. ടിവികെ പ്രവർത്തകർ സംസ്ഥാനത്തുടനീളം വലിയ വിജയാഘോഷങ്ങളാണ് സംഘടിപ്പിക്കുന്നത്.