Spread the love

പൊള്ളുന്ന വേനൽച്ചൂടിന് ആശ്വാസമായി വയനാട്ടിലും എറണാകുളത്ത് വിവിധ ഭാഗങ്ങളിലും കനത്ത മഴ. കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലും നല്ല മഴ പെയ്തു.

 

ശക്തമായ കാറ്റിലും മഴയിലും ആലുവയിലടക്കം ജില്ലയിൽ പലയിടത്തും മരങ്ങൾ കടപുഴകി. മരങ്ങൾ കടപുഴകിയതിനെ തുടർന്ന് ചില പ്രദേശങ്ങളിൽ ഗതാഗതവും വൈദ്യുതി ബന്ധവും തടസപ്പെട്ടു. ഒരു മണിക്കൂറിലധികം സമയമാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തകർത്ത് പെയ്തത്.

അതേസമയം കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നാളെ മുതൽ 22 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. നാളെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്.

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.