കോട്ടയം : കേന്ദ്രമന്ത്രി കേരള ചീഫ് വിപ്പ് കോൺഗ്രസിന്റെ നവാഗത സ്ഥാനാർത്ഥിയും മത്സരിക്കുന്ന കാഞ്ഞിരപ്പള്ളിയിൽ പ്രചാരണത്തിന് ഇനിയും ആവേശമായില്ല.
കേരളത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന നിയമസഭാ മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. തോട്ടങ്ങളുടെയും കർഷകരുടെയും കർഷക പ്രമാണിമാരുടെയും മണ്ണ് കീഴടക്കാൻ മുന്നണികൾ സജ്ജമാകുന്നതേയുള്ളൂ.
ഏറ്റുമാനൂർ സ്വദേശി കേന്ദ്രമന്ത്രി ജോർജ് കുര്യനാണ് ഈ കുറി കാഞ്ഞിരപ്പള്ളിയിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നത്. നാട്ടുകാരായ പല ബിജെപി നേതാക്കളുടെയും പേരുകൾ ഉയർന്നുവെങ്കിലും ഒടുവിൽ ജോർജ് കുര്യന് തന്നെ നറുക്കു വീഴുകയായിരുന്നു. ഏറ്റുമാനൂരുകാരനായ ജോർജ് കുര്യനെ ദേവസ്വം മന്ത്രി വി എൻ വാസവൻ മത്സരിക്കുന്ന മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കുമെന്ന് ആയിരുന്നു ആദ്യ സൂചനകൾ. എന്നാൽ പാലാ കാഞ്ഞിരപ്പള്ളി പൂഞ്ഞാർ മണ്ഡലങ്ങളിൽ ക്രൈസ്തവ സ്ഥാനാർത്ഥികൾ മത്സരിച്ചാൽ മതിയെന്ന് പാർട്ടി പിന്നീട് തീരുമാനിച്ചു. ഇതോടെയാണ് ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ എത്തിയത്.
യുഡിഎഫ് ക്യാമ്പിൽ ജോസഫ് വാഴക്കൻ ടോമി കല്ലാനി എന്നീ പതിവ് പേരുകൾ ഉയർന്നുമെങ്കിലും ഒടുവിൽ കോളേജ് അധ്യാപകൻ കൂടിയായ റോണി കെ ബേബിയെ കോൺഗ്രസ് തീരുമാനിച്ചു. കാഞ്ഞിരപ്പള്ളിയിൽ അധ്യാപകൻ എന്ന നിലയിലുള്ള സ്വാധീനവും ബന്ധങ്ങളുമാണ് റോണിയെ മത്സരരംഗത്തിറക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചത്.
കഴിഞ്ഞ മൂന്നുതവണയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഗവൺമെൻറ് ചീഫ് കൂടിയായ കേരള കോൺഗ്രസ് എമ്മിലെ എൻ ജയരാജ് ആണ് ഇടതുമുന്നണി സ്ഥാനാർഥി. രണ്ട് ക്രൈസ്തവ സ്ഥാനാർത്ഥികളുടെ സാന്നിധ്യം ജയരാജന് അനുകൂലമാകും എന്നാണ് ഇടതു കേന്ദ്രങ്ങളുടെ വിശ്വാസം. എന്നാൽ കാഞ്ഞിരപ്പള്ളി ഇത്തവണ പിടിക്കുമെന്ന് യുഡിഎഫ് ഉറച്ചു പറയുന്നു. ബിജെപി മുന്നണിക്ക് കാഞ്ഞിരപ്പള്ളി പാക മായെന്നാണ് ബിജെപിയുടെ അവകാശവാദം.
പ്രമുഖരാണ് മത്സരിക്കുന്നതെങ്കിലും കാഞ്ഞിരപ്പള്ളിയിലെ അണികൾക്ക് ആവേശമില്ല. പള്ളിക്കത്തോട് പോലുള്ള പഞ്ചായത്തുകളിൽ കോൺഗ്രസും നിർജീവമാണ്. ബിജെപി പ്രവർത്തകർക്കും പതിവ് ഉഷാറില്ല. എല്ലാം ചട്ടപ്പടിയാണ്. അവസാന ഒരാഴ്ച കടുത്ത പ്രചാരണം മണ്ഡലത്തിൽ നടക്കും എന്നാണ് ഇവർ അവകാശപ്പെടുന്നത്. പക്ഷേ ഇപ്പോൾ കാഞ്ഞിരപ്പള്ളി ആലസ്യത്തിലാണ്

