ജയ്പൂര്‍: ജയ്പൂരിൽ ഉണ്ടായ വാഹനാപകടത്തിൽ പ്രശസ്ത നടിയും മോഡലുമായ ഹർഷിൽ കാലിയ (30)ക്ക് ദാരുണാന്ത്യം. ജയ്പൂരിലെ ഷിപ്ര പാത്ത് റോഡിൽ തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ റോഡിലെ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു എന്നാണ് വിവരം.
ജോലി കഴിഞ്ഞ് രാത്രി 11:30ഓടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കാലിയയുടെ വാഹനം ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. കാർ ഡിവൈഡറിൽ ഇടിക്കുകയും ഇടതുവശത്തേക്ക് മറിയുകയും ചെയ്യുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അതേസമയം അപകടം നടന്ന ഉടൻതന്നെ പ്രദേശവാസികൾ ഓടിയെത്തി വാഹനം ഉയർത്തുകയും ഹർഷിലിനെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹർഷിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വാഹനം അമിതവേഗതയിലായിരുന്നോ അതോ മറ്റൊരു വാഹനം മറികടക്കാൻ ശ്രമിച്ചതാണോ അപകടത്തിന് കാരണമായതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
അഭിനയരംഗത്തും മോഡലിംഗിലും സജീവമായിരുന്നു ഹർഷിൽ കാലിയ. ‘ക്രൈം നെക്സ്റ്റ് ഡോർ’ എന്ന വെബ് സീരീസിലും നിരവധി രാജസ്ഥാനി ഗാനങ്ങളിലും അവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.

