മുംബൈ: ഇരുമ്പ് ചങ്ങല ഉപയോഗിച്ച് കാലുകൾ പരസ്പരം ബന്ധിപ്പിച്ച് വലിയ പൂട്ടിട്ട നിലയിൽ നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മഹാരാഷ്ട്രയിലെ ധുലെ ജില്ലയിൽ ആണ് സംഭവം. ഇവരുടെ മൃതദേഹങ്ങൾ ധുലെ ശിർപൂർ താലൂക്കിലെ സാവൽദെ പ്രദേശത്ത് താപ്തി (തപ്തി) നദിയുടെ അടിത്തട്ടിലാണ് കണ്ടെത്തിയത്. ജൽഗാവ് ജില്ലയിലെ അമൽനെർ താലൂക്ക് സ്വദേശികളായ ശ്യാം ഹരി പാട്ടീൽ, സ്വപ്‌ന പാട്ടീൽ എന്നിവരാണ് മരിച്ചതെന്ന് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മുംബൈ–ആഗ്ര ദേശീയപാതയിലെ സാവൽദെ പാലത്തിന് സമീപമാണ് പ്രദേശവാസികൾ മൃതദേഹങ്ങൾ ആദ്യം കണ്ടത്.
അതേസമയം ശ്യാമിന്റെ ഇടതുകാലും സ്വപ്നയുടെ വലതുകാലും ഒരുമിച്ച് ഇരുമ്പ് ചങ്ങലയിട്ട് ബന്ധിച്ച് വലിയ പൂട്ട് ഇട്ട നിലയിലായിരുന്നു. കുറച്ചു മാസങ്ങൾക്ക് മുൻപാണ് ഇരുവരും പ്രണയിച്ച് വിവാഹിതരായത്. എന്നാൽ കുറച്ചു ദിവസങ്ങളായി ഇരുവരെയും കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്. സംഭവസ്ഥലത്തിന് സമീപമുള്ള പാലത്തിന് മുകളിൽ ഇവരുടെ ഇരുചക്ര വാഹനം കണ്ടെത്തിയിട്ടുണ്ട്.
ദമ്പതികൾ ഒരുമിച്ച് ചെയ്ത ആത്മഹത്യയാണോ അതോ പ്രണയവിവാഹത്തോടുള്ള എതിർപ്പുകാരണം ആരെങ്കിലും കൊലപ്പെടുത്തി നദിയിൽ തള്ളിയതാണോ എന്ന് വ്യക്തമായിട്ടില്ലെന്ന് നർദാന പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

