Spread the love

കോട്ടയം : കോട്ടയം ചന്തക്കവലയിൽ അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവതി മരിച്ചു. നട്ടാശേരി പാറയിൽ അജയന്റെ മകൾ അഞ്ജലിയാണ് (18) മരിച്ചത്. അപകടത്തിൽ അഞ്ജലിയുൾപ്പെടെ 5 സ്ത്രീകൾക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

അഞ്ജലി കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ഐസിയുവിൽ വെന്റിലേറ്ററിലായിരുന്നു. മാതാവ് മരിച്ചതിനുശേഷം വലിയമ്മയോടൊപ്പമായിരുന്നു അഞ്ജലി താമസിച്ചിരുന്നത്. ചന്തക്കവലയ്ക്കു സമീപമുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു.

ഇന്നലെ രാത്രി ഏഴിനായിരുന്നു അപകടം. നാഗമ്പടം സ്റ്റാന്‍ഡില്‍നിന്ന് ചങ്ങനാശേരി ഭാഗത്തേക്കു പോകുകയായിരുന്ന തണ്ടപ്ര എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്. ബസിനടിയില്‍ കുടുങ്ങിയവരെ നാട്ടുകാരും അഗ്‌നിരക്ഷാസേനയും പൊലീസും ചേര്‍ന്നു പുറത്തെടുത്ത് ജനറല്‍ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. അമിതവേഗമാണ് അപകടകാരണമെന്നു ദൃക്‌സാക്ഷികള്‍ പറയുന്നു. ബസ് കാത്തുനിന്നവര്‍ക്കും വഴിയാത്രക്കാര്‍ക്കുമാണു പരിക്കേറ്റതെന്ന് പൊലീസ് അറിയിച്ചു.

 

ചാറ്റല്‍മഴ ഉണ്ടായിരുന്നതു മൂലം ബസ് സ്റ്റോപ്പിനു സമീപത്തെ കടത്തിണ്ണയിലേക്കു ചിലര്‍ കയറി നിന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. ബസ് വരുന്നതു കണ്ട് ചിലര്‍ ഓടിമാറി. അപകടത്തെത്തുടര്‍ന്ന് അരമണിക്കൂറോളം നഗരത്തില്‍ ഗതാഗതം തടസപ്പെട്ടിരുന്നു. ഡ്രൈവറും കണ്ടക്ടറും പൊലീസ് കസ്റ്റഡിയിലാണ്. പരിക്കേറ്റ ഇത്തിത്താനം സുഭാഷ് ഭവനില്‍ ശ്രീകുമാരി (54) മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറിയപ്പള്ളി മുട്ടം ഉള്ളാട്ട് ജയ (51) കാരിത്താസ് ആശുപത്രിയിലും കൊല്ലാട് കലേഷ്ഭവനില്‍ അനുമോള്‍ സുരേഷ് (48), ചങ്ങനാശേരി മലകുന്നം ആനക്കുഴി എ.കെ.സുനി (46) എന്നിവര്‍ ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്.