Spread the love

കോഴിക്കോട് ∙ ശക്തമായ ഇടിമിന്നലിൽ കുന്ദമംഗലത്ത് വീടുകൾക്ക് വ്യാപക നാശനഷ്ടം. കളരിക്കണ്ടിയിൽ വീട്ടമ്മയ്ക്ക് മുഖത്ത് പരുക്കേറ്റു. നാലോളം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും വൈദ്യുത ഉപകരണങ്ങൾ നശിക്കുകയും ചെയ്തു. ഇന്നലെ വൈകിട്ട് 5.30ഓടെയായിരുന്നു ശക്തമായ മഴയ്ക്കും ഇടിമിന്നലിനുമൊപ്പം നാശനഷ്ടങ്ങളുണ്ടായത്.

അടുക്കളയിൽ പാൽപാത്രം എടുക്കാൻ പോയപ്പോഴാണ് ചെറുപൈക്കാട്ട് ഗീതയ്ക്ക് (60) പരുക്കേറ്റത്. വീട്ടിലെ മോട്ടോറിന്റെ സ്വിച്ച് ബോർഡ് പൊട്ടിത്തെറിച്ച് മുഖത്തേക്ക് തെറിക്കുകയായിരുന്നു.

കളരിക്കണ്ടി ഒഴിയിൽ ഭാഗത്ത് ചേനോത്ത് സജീവന്റെ വീടുൾപ്പെടെ നാലോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഒരു വീടിന്റെ ചുമർ തകർന്നു. ഇടിമിന്നലിന്റെ ആഘാതത്തിൽ മണ്ണിൽ വലിയ ഗർത്തം രൂപപ്പെട്ടതായും പ്രദേശവാസികൾ പറഞ്ഞു.

വീടുകളിലെ വയറിങ്ങും മെയിൻ സ്വിച്ച് ബോർഡുകളും കത്തിനശിച്ചു. മോട്ടോർ, ഫാൻ, ലൈറ്റുകൾ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചു. വിവരമറിഞ്ഞെത്തിയ കെഎസ്ഇബി അധികൃതർ വീടുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

വൈദ്യുതി പുനഃസ്ഥാപിച്ചാൽ മാത്രമേ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കുണ്ടായ കേടുപാടുകളുടെ വ്യാപ്തി വ്യക്തമാകൂ. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്തും വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. ഹിതേഷ്‌കുമാറും അപകടമുണ്ടായ വീടുകൾ സന്ദർശിച്ചു.