Spread the love

 

മുഖ്യമന്ത്രി തന്നെ ചെറ്റ എന്ന് വിളിച്ചതിൽ അഭിമാനം കൊളളുന്നുവെന്നാണ് ജി സുധാകരൻ.

 

ചെറ്റയും ചെറ്റക്കുടിലും പാവപ്പെട്ടവന്റെ വീടാണെന്നും ചെറ്റ എന്നാൽ അടിസ്ഥാനവർഗത്തിന്റെ പുരയാണെന്നും ജി സുധാകരൻ പറഞ്ഞു. ആ ചെറ്റപ്പുരയെ ആക്ഷേപിക്കുകയാണ് തന്നെ ചെറ്റ എന്ന് വിളിക്കുക വഴി മുഖ്യമന്ത്രി ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.

‘പതിനെട്ട് വയസ് വരെ ഞാൻ ഓലമേഞ്ഞ ചെറ്റപ്പുരയിലാണ് ജീവിച്ചത്. ചാണകത്തിണ്ണയിലാണ് കഴിഞ്ഞത്. മുഖ്യമന്ത്രിയ്ക്ക് മലയാള ഭാഷയുടെ അർത്ഥഭേദങ്ങൾ അറിയില്ല. നിഘണ്ടു വായിച്ചിട്ടില്ല. മുഖ്യമന്ത്രിയെ വിമർശിക്കും ഞാൻ. പക്ഷെ ചീത്ത പറയില്ല. അതെന്റെ ഗുരുത്വമാണ്. ചെറ്റ എന്നല്ല ഇനി വറ്റ മത്സ്യം എന്ന് വിളിച്ചാലും ഞാൻ ചീത്ത പറയില്ല’ : ജി സുധാകരൻ പറഞ്ഞു.

യുഡിഎഫ് ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് പാർലമെൻ്ററി മോഹമാണ് എന്ന് മുഖ്യമന്ത്രിയും പറഞ്ഞെന്നാണ് കേട്ടതെന്നും ആര് നിന്നാലും ജയിക്കാൻ കഴിയുന്ന മണ്ഡലത്തിൽ നിന്നാൽ ആർക്കും ജയിക്കാമെന്നും സുധാകരൻ പറഞ്ഞു. ‘ എനിക്ക് പാർലമെന്ററി മോഹമാണ് എന്നാണ് പറയുന്നത്. മുഖ്യമന്ത്രിയും അങ്ങനെ പറഞ്ഞു എന്നാണ് കേട്ടത്. മുഖ്യമന്ത്രി 9 തവണ മത്സരിച്ചു. ആ മണ്ഡലത്തിൽ ഇതുവരെ ആരും തോറ്റിട്ടില്ല. ആരും ജയിക്കാൻ കഴിയുന്ന മണ്ഡലത്തിൽ നിന്നാൽ ആർക്കും ജയിക്കാം. അതുകൊണ്ടാണ് മുഖ്യമന്ത്രിയും ജയിച്ചത്.

 

ആലപ്പുഴ പോലെയല്ല കണ്ണൂർ. ആര് നിന്നാലും ജയിക്കും. മരിക്കുന്നതുവരെ എകെജി പാർലമെന്ററി മെമ്പർ ആയിരുന്നല്ലോ’: ജി സുധാകരൻ പറഞ്ഞു.

ജി സുധാകരൻ എത്ര വലിയ ചെറ്റത്തരമാണ് കാണിച്ചത് എന്നാണ് ഒരു മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ജി സുധാകരൻ എത്ര വലിയ ചെറ്റത്തരമാണ് കാണിച്ചത്. അതിന് വേറെ വാക്കില്ല. വഞ്ചനയ്ക്ക് ഇതിൽപ്പരം വിശേഷണമുണ്ടോ? എന്നദ്ദേഹം പറഞ്ഞു