Spread the love

കൊല്ലം: അഞ്ചുമാസം മുൻപ്, പുനലൂർ ആളുകേറാമലയിൽ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ചനിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. പോലീസ് പ്രതിയെന്ന് സംശയിച്ച ആളാണ് കൊല്ലപ്പെട്ടതെന്നു പുതിയ കണ്ടെത്തൽ. ആലപ്പുഴ ചാരുംമൂട് സ്വദേശി അനിൽ കുമാറാണ് കൊല്ലപ്പെട്ടത്. പൊലീസ് നടത്തിയ ഡിഎൻഎ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഇക്കഴിഞ്ഞ സെപ്തംബർ 23നാണ് പിറവന്തൂർ പഞ്ചായത്തിലെ വൻവിള വാർഡിലെ മുക്കടവ് ആളുകേറാമലയിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. നെഞ്ചിൽ വലതുഭാഗത്തായി ആഴത്തിൽ കുത്തേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാഴ്ച പഴക്കമുള്ള മൃതദേഹത്തിന് സമീപം കന്നാസ്, കത്രികസ ബാഗ് എന്നിവ ലഭിച്ചിരുന്നു. കൊലയ്ക്ക് ശേഷം മുഖം കത്തിച്ച് തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടത്തിയതായി മുമ്പ് പൊലീസ് പറഞ്ഞിരുന്നു.

കൊലപാതകമെന്ന് സംശയിച്ച കേസിൽ പ്രതിയെ മനസിലാക്കിയിട്ടും ആരാണ് കൊല്ലപ്പെട്ടതെന്ന് അറിയാത്തത് പൊലീസിനെ കുഴക്കിയിരുന്നു. കാരണം ഇങ്ങനെ ഒരാളെ കാണാതായതായി പരാതികളും ലഭിച്ചിരുന്നില്ല.

തുടർന്ന് സംഭവസ്ഥലത്തിനടുത്ത പെട്രോൾ പമ്പിൽനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതി അനിൽകുമാറാണെന്നു പോലീസ് പറഞ്ഞിരുന്നത്. കൂടാതെ ഇയാൾക്കായി ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും ഇയാൾ ഒളിവിലാണെന്നുമാണ് അന്വേഷണസംഘം പറഞ്ഞിരുന്നത്.