Spread the love

പ്രധാനമന്ത്രി നാളെ കൊച്ചിയില്‍, റോഡ് ഷോ, എന്‍ഡിഎ കണ്‍വെന്‍ഷന്‍ വികസന പദ്ധതികളുടെ ഉദ്ഘാടനം.

കൊച്ചി: കേരളം തെരഞ്ഞെടുപ്പിലേക്ക് നീങ്ങവേ അവസാനഘട്ട വിലയിരുത്തലിനും സന്ദര്‍ശനത്തിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ (ബുധന്‍) കൊച്ചിയില്‍. ഇതോടെ ഫലത്തില്‍ കേരളത്തിലെ രാഷ്ട്രീയ പോരാട്ടത്തിനുളള വേദിയൊരുങ്ങുകയാണ്. യുഡിഎഫിന്റെ യാത്ര തിരുവനന്തപുരത്ത് സമാപിച്ചപ്പോള്‍ യോഗം ഉദ്ഘാടനം ചെയ്തത് ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ പ്രധാനമന്ത്രിയും കേരളത്തിലെത്തുന്നു.എന്‍ഡിഎ കണ്‍വെന്‍ഷന്‍, റോഡ് ഷോ ഇവയാണ് പ്രധാന പരിപാടികള്‍

വിവിധ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും മോദി പങ്കെടുക്കും. ബുധനാഴ്ച രാവിലെ 11.30 ന് പ്രധാനമന്ത്രി നെടുമ്പാശ്ശേരിയില്‍ എത്തും.എറണാകുളം മറൈന്‍ ഡ്രൈവില്‍ ധീരവസഭ സംഘടിപ്പിക്കുന്ന പരിപാടിയാണ് പ്രധാന മന്ത്രിയുടെ ആദ്യ പരിപാടി. പിന്നീട് കലൂര്‍ സ്റ്റേഡിയത്തിലേക്ക് റോഡ് ഷോ സംഘടിപ്പിക്കും.

കലൂര്‍ സ്റ്റേഡിയത്തില്‍ വിവിധ കേന്ദ്ര പദ്ധതികളുടെ പ്രഖ്യാപനവും നടക്കും. ഇതിന് ശേഷമായിരിക്കും എന്‍ഡിഎ കണ്‍വെന്‍ഷന്‍.കൊച്ചി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പാലക്കാട് പൊള്ളാച്ചി മെമു ട്രെയിന്‍ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ചങ്ങനാശേരി, കുറ്റിപ്പുറം, ഷൊര്‍ണൂര്‍ അമൃത് ഭാരത് സ്റ്റേഷനുകളുടെ ഉദ്ഘാടനം, വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ ഷൊര്‍ണൂര്‍ – നിലമ്പൂര്‍ പാതയുടെ സമര്‍പ്പണം. ബിപിസിഎല്‍, ദേശീയപാത അതോറിറ്റി എന്നിവയുടെ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം എന്നിവയും പ്രധാനമന്ത്രി നിര്‍വഹിക്കും.

കഴിഞ്ഞ ദിവസം മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ കേരളം സന്ദര്‍ശിച്ചിരുന്നു.