തിരുവനന്തപുരം: തനിക്ക് ചെറുപ്പത്തിൽ ഭൂതപ്രേത പിശാചുക്കളെ ഭയങ്കര പേടിയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്നൊക്കെ ലൈറ്റ് ഒന്നും ഇല്ലായിരുന്നു. എംഎല്‍എയായിരിക്കുമ്പോഴും വീട്ടിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. അത് അങ്ങനെയൊരു കാലമാണ്. രാത്രിയിലോക്കെ എവിടെയും പ്രേതവും ഭൂതവും പ്രത്യക്ഷപെടാമെന്നാണ് തോന്നിയിരുന്നത്. എന്നാൽ ആ പേടിയൊക്കെ അതെല്ലാം വളര്‍ന്നപ്പോൾ താൻ തന്നെ മാറ്റിയെടുത്തുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നടൻ മോഹൻലാലുമായുള്ള അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ ഈ തുറന്നുപറച്ചിലുകൾ.
തന്റെ വീട്ടിലെ പതിനാലാമത്തെ കുട്ടിയാണ് താനെന്നും എന്നാൽ തനിക്കുള്ളത് രണ്ട് സഹോദരന്മാർ മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാക്കിയുള്ളവർ എല്ലാം തന്നെ ചെറുപ്രായത്തില്‍ തന്നെ വിട്ടുപോയെന്ന് സഹോദരങ്ങളെ കുറിച്ചുള്ള മോഹൻലാലിന്റെ ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.
അതേസമയം അച്ഛനും അമ്മയും ഈശ്വരവിശ്വാസമുള്ള ആളുകൾ ആയിരുന്നോ എന്ന ചോദ്യത്തിന്,
അച്ഛനേക്കാൾ കൂടുതൽ അമ്മയായിരുന്നു ഇത്തരം കാര്യങ്ങളിൽ വിശ്വാസം കൂടുതലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം അമ്മ (കല്യാണി) ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദനിച്ച നിമിഷം അമ്മയുടെ മരണമായിരുന്നുവെന്ന് നടൻ മോഹൻലാലുമായുള്ള പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം പങ്കുവെച്ചു. അമ്മയുടെ മരണവാർത്ത പോലും പുറത്തുള്ളവരെ അറിയിക്കാൻ കഴിയാത്ത വിധം താൻ തളർന്നുപോയ ആ നിമിഷം അദ്ദേഹം ഓർമ്മിച്ചു.
‘എന്റെ എല്ലാ കാര്യങ്ങളിലും തണലായി അമ്മ എന്നും കൂടെയുണ്ടായിരുന്നു. ഏറെ കരുതലോടെ എന്നെ വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് എന്റെ അമ്മ.

