“മുഖ്യമന്ത്രിയെ തീരുമാനിക്കുക ഹൈക്കമാൻഡ് മാത്രം” — ചെന്നിത്തലയുടെ പരാമർശത്തിന് പിന്നാലെ സതീശൻ അനുകൂല തരംഗം ശക്തം
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ മുഖ്യമന്ത്രിപദത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സജീവമാകുന്ന ന്ന വേളയിൽ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുന്നോട്ട് വെക്കുന്ന കടുത്ത നിലപാടുകളും വ്യക്തമായ രാഷ്ട്രീയ ദിശയും കോൺഗ്രസ് പ്രവർത്തകരിൽ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. ശബരിമല സ്വർണ്ണക്കൊള്ള ഉൾപ്പെടെ ഭരണത്തിലെ വീഴ്ചകൾക്കെതിരെ നിർഭയമായി ശബ്ദമുയർത്തുകയും സർക്കാരിനെ നേരിട്ട് ചോദ്യം ചെയ്യുകയും ചെയ്യുന്ന സതീശൻ, “മാറേണ്ടത് മുഖംമാറ്റമല്ല, ഭരണരീതിയാണ്” എന്ന ശക്തമായ സന്ദേശമാണ് ഉയർത്തുന്നത്.
സമീപകാല അഭിമുഖത്തിൽ സതീശൻ സർക്കാരിന്റെ സാമ്പത്തിക കുഴപ്പങ്ങൾ, നിയമ-സമാധാന പ്രശ്നങ്ങൾ, യുവജന തൊഴിലില്ലായ്മ, ക്ഷേമപദ്ധതികളുടെ തകർച്ച എന്നിവയെക്കുറിച്ച് കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. “ജനങ്ങൾക്ക് വേണ്ടത് ശക്തമായ, സുതാര്യമായ, ഉത്തരവാദിത്വമുള്ള ഭരണമാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഈ തുറന്നും നേരിട്ടും ഉള്ള രാഷ്ട്രീയ ശൈലി അദ്ദേഹത്തെ മുഖ്യമന്ത്രിപദത്തിന് ഏറ്റവും യോഗ്യരിൽ ഒരാളായി ഉയർത്തിയിരിക്കുകയാണ്.
എന്നാൽ, മുതിർന്ന കോൺഗ്രസ് നേതാവ് ചെന്നിത്തല നടത്തിയ പ്രസ്താവന പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. “മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കുന്നത് തിരഞ്ഞെടുപ്പിന് ശേഷമുള്ള ഹൈക്കമാൻഡാണ്. വ്യക്തിപരമായ ആഗ്രഹങ്ങൾക്കോ ഗ്രൂപ്പ് രാഷ്ട്രീയത്തിനോ ഇവിടെ സ്ഥലം ഇല്ല,” എന്നായിരുന്നു ചെന്നിത്തലയുടെ തുറന്ന നിലപാട്. ഇതോടെ പാർട്ടിക്കുള്ളിൽ നടക്കുന്ന നേതൃത്വ ചർച്ചകൾക്ക് പുതിയ വഴിത്തിരിവാണ് ലഭിച്ചിരിക്കുന്നത്.
ഹൈക്കമാൻഡ് തീരുമാനമെന്ന സൂചന, ദേശീയ തലത്തിൽ സ്വാധീനമുള്ള നേതാക്കളായ കെ സി വേണുഗോപാൽ അടക്കമുള്ള കേന്ദ്ര നേതൃത്വത്തിലേക്കാണ് വിരൽചൂണ്ടുന്നത്. സംസ്ഥാന നേതൃത്വത്തെക്കാൾ അന്തിമ വാക്ക് ഡൽഹിയിലായിരിക്കുമെന്ന വ്യക്തമായ സന്ദേശമാണ് ചെന്നിത്തല നൽകിയിരിക്കുന്നത്.
ഇതിനിടെ, പാർട്ടി പ്രവർത്തകരും യുവജന വിഭാഗങ്ങളും തുറന്നെ സതീശനെ പിന്തുണയ്ക്കുന്ന തരംഗം ശക്തിപ്പെടുത്തുകയാണ്. “ജനങ്ങളോടൊപ്പം നിൽക്കുന്ന, സർക്കാരിനെ ഭയപ്പെടാതെ ചോദ്യം ചെയ്യുന്ന നേതാവാണ് അടുത്ത മുഖ്യമന്ത്രി ആവേണ്ടത്” എന്ന ആവശ്യം കോൺഗ്രസ് അടിത്തറയിൽ ശക്തമായി ഉയരുന്നു.
ഒരു വശത്ത് സതീശന്റെ ശക്തമായ ജനപിന്തുണ, മറുവശത്ത് ഹൈക്കമാൻഡ് തീരുമാനമെന്ന ചെന്നിത്തലയുടെ ഉറച്ച നിലപാട് , ഇതോടെ മുഖ്യമന്ത്രിപദം സംബന്ധിച്ച കോൺഗ്രസ് അകത്തള രാഷ്ട്രീയത്തിൽ കടുത്ത മത്സരത്തിനാണ് സൂചന. തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ ഈ നേതൃചർച്ചകൾ കൂടുതൽ കടുപ്പം പ്രാപിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു

