Spread the love

വിവാദമായതോടെ പോലീസുകാരനെതിരായ ജാമ്യമില്ലാകേസ് ആവിയായി. എസ്എഫ്‌ഐക്കാര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: മാളില്‍ വച്ച് പോലീസുകാരനുമായി സംഘര്‍ഷമുണ്ടായ സംഭവത്തില്‍ രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വിനയ് പ്രകാശ്, സുര്‍ജിത് എന്നിവരാണ് അറസ്റ്റിലായത്. പൊലീസുകാരനായ എ.ആര്‍ ക്യാമ്പിലെ മിഥുന്‍ റോയിക്കെതിരെ പരാതി നല്‍കിയ ആളാണ് വിനയ് പ്രകാശ്. അതേസമയം മിഥുന്‍ റോയിക്കും സഹോദരിക്കുമെതിരെ എടുത്ത ജാമ്യമില്ലാ കേസ് പിന്‍വലിക്കും.

 

ശനി വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം. മിഥുനും സഹോദരിയും അച്ഛന്റെ ഓര്‍മദിനത്തോടനുബന്ധിച്ച് മാളില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയതായിരുന്നു. ഇതിനിടയിലാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അസഭ്യം പറഞ്ഞ് മിഥുനെ പ്രകോപിതനാക്കാന്‍ ശ്രമിച്ചത്. പിന്നാലെ മിഥുനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ തന്നെയാണ് പുറത്തുവിട്ടത്. സംഭവത്തില്‍ മിഥുന്റെ പരാതിയിലും എസ്എഫ്ഐ പ്രവര്‍ത്തകരുടെ പരാതിയിലും വഞ്ചിയൂര്‍ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ ആദ്യം മിഥുനെതിരെ ജാമ്യമില്ലാവകുപ്പ് അനുസരിച്ച് കേസെടുത്തു. തുടര്‍ന്ന് വിവാദമായതോടെ നടപടിയില്‍ ഭേദഗതി വരുത്തി

കഴിഞ്ഞ ഡിസംബര്‍ 31ന് പുതുവത്സരാഘോഷത്തിനിടെ ശംഖുംമുഖത്തെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരും, മിഥുന്‍ ഉള്‍പ്പെടെയുള്ള പൊലീസുമായി ഉന്തുംതള്ളുമുണ്ടായിരുന്നു. അന്ന് പൊലീസ് ലാത്തി വീശുകയും ചെയ്തു. ഇതിന്റെ പ്രതികാരമാണ് ഇന്നലത്തെ സംഭവത്തിന് പിന്നിലെന്നാണ് വിവരം. ശംഖുംമുഖത്തെ സംഭവത്തിനുശേഷം മിഥുന്‍ മെഡിക്കല്‍ അവധിയിലാണിപ്പോള്‍.ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് നാളെ കോടതിയില്‍ നല്‍കും.