Spread the love

ആഗോള അയ്യപ്പ സംഗമവും അന്വേഷിച്ചേക്കും,കണക്കുപറയേണ്ടതെന്ന് ദേവസ്വം ബോര്‍ഡ് എന്ന് മന്ത്രി വാസവന്‍

പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമവും എസ്‌ഐടിയുടെ അന്വേഷണ പരിധിയിലേക്കെന്ന് സൂചന. ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ എസ്‌ഐടി നല്‍കിയ റിപ്പോര്‍ട്ടില്‍ ആഗോള അയ്യപ്പസംഗമത്തെക്കുറിച്ച് പരാമര്‍ശമുണ്ടെന്നാണ് വിവരം. പിഎസ് പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നപ്പോള്‍ നടന്ന അയ്യപ്പസംഗമത്തെക്കുറിച്ചാണ് പരാമര്‍ശമുള്ളത്. അയ്യപ്പ സംഗമം തീരുമാനിച്ച വിവരം ദേവസ്വം യോഗത്തിന്റെ മിനിട്സില്‍ ഇല്ലെന്നാണ് എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച യോഗം വിളിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.

അതേസമയം, ആഗോള അയ്യപ്പസംഗമത്തിലെ ഫണ്ട് സംബന്ധിച്ച അവ്യക്തതകളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നാണ് വിവരം. അയ്യപ്പസംഗമം നടത്തിയതുവഴി 3.40 കോടി രൂപയുടെ നഷ്ടം ദേവസ്വം ബോര്‍ഡിനുണ്ടായിട്ടുണ്ടെന്നാണ് വിവരം. ദേവസ്വം ബോര്‍ഡിന്റെയോ സര്‍ക്കാരിന്റെയോ പണം അയ്യപ്പസംഗമത്തിനായി ഉപയോഗിക്കരുതെന്ന നിര്‍ദേശം ഹൈക്കോടതി നല്‍കിയിരുന്നു. സ്പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താമെന്ന് കരുതിയ പണം ലഭിക്കാത്തതിനാല്‍ ദേവസ്വം ബോര്‍ഡിന്റെ സര്‍പ്ലസ് ഫണ്ടില്‍ നിന്നും മൂന്നുകോടിയിലധികം രൂപ ചെലവാക്കിയതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

കണക്കുപറയേണ്ടതെന്ന് ദേവസ്വം ബോര്‍ഡ് എന്ന് മന്ത്രി വാസവന്‍

ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്നും പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി വി.എന്‍. വാസവന്‍. പരിപാടിക്കായി നാല് കോടി രൂപ സ്‌പോണ്‍സര്‍ഷിപ്പ് വഴി ലഭിച്ചുവെന്നാണ് അറിയുന്നതെന്നും ഇതിന്റെ കൃത്യമായ കണക്കുകള്‍ പറയേണ്ടത് ദേവസ്വം ബോര്‍ഡാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗോള അയ്യപ്പ സംഗമം പൊളിക്കാന്‍ യുഡിഎഫ് ബോധപൂര്‍വ്വം ശ്രമിച്ചു. ഇതിന്റെ ഭാഗമായാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെക്കൊണ്ട് വെളിപ്പെടുത്തലുകള്‍ നടത്തിച്ചത്. എന്നാല്‍ ആ നീക്കം ‘ചക്കിന് വെച്ചത് കൊക്കിന് കൊണ്ട’ അവസ്ഥയിലായി. അയ്യപ്പ സംഗമം നടന്നതുകൊണ്ടാണ് പഴയ സ്വര്‍ണക്കൊള്ള പുറത്തുവന്നതെന്നും മന്ത്രി പറഞ്ഞു.

സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ യുഡിഎഫിന് തന്നെ തിരിച്ചടിയായി (ബൂമറാങ്). മുമ്പ് നടന്ന പല തിരിമറികളും ഇതിലൂടെ വെളിച്ചത്തു കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പരിഹസിച്ചു. പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു എന്നത് കേസ് അവസാനിച്ചു എന്നര്‍ത്ഥമില്ല. പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കങ്ങളില്‍ കോടതി തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും പുറത്തുവരുമ്പോള്‍ പലര്‍ക്കും നിലപാട് മാറ്റേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു