സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ ഇന്‍സ്റ്റഗ്രാം പൂട്ടി മെറ്റ. പുതിയ അക്കൗണ്ട് തുറന്ന് പത്രം
സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മെറ്റവിലക്കി. കേരളത്തോടുള്ള അവഗണനയും കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളും വിശകലനം ചെയ്തുകൊണ്ടുള്ള കണ്ടന്റുകള്‍ ദേശാഭിമാനി ഇന്‍സ്റ്റയില്‍ നല്‍കിയിരുന്നു. തുടര്‍ന്ന് മെറ്റ അക്കൗണ്ട് ഡിസേബിള്‍ ചെയ്യുകയായിരുന്നുവെന്ന് പത്രം പറയുന്നു.
അക്കൗണ്ട് തിരിച്ചുപിടിക്കാനായി അപ്പീല്‍ നല്‍കിയെങ്കിലും മെറ്റ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ബിജെപി സര്‍ക്കാരിന്റെ അമേരിക്കന്‍ വിധേയത്വം തുറന്നു കാട്ടുകയും വര്‍ഗീയ പ്രചാരണത്തിനെതിരെ ശക്തമായ പ്രചാരണം നടത്തിയുമാണ് ദേശാഭിമാനി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പ്രവര്‍ത്തിച്ചു വന്നത്. ഇതോടെ പത്രം പുതിയ അക്കൗണ്ട് തുറന്നു.deshabhimanilive എന്നതാണ് പുതിയ ഇന്‍സ്റ്റഗ്രാം ഐഡി.
ദേശാഭിമാനിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മെറ്റ വിലക്കിയതിൽ പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന വാർത്തകൾ നൽകിയതിനാണ് ഈ അപരിഷകൃതമായ തീരുമാനം. ഇത്തരം നടപടി അതീവ ഗൗരവത്തോടെയാണ് യൂണിയൻ കാണുന്നത്. ഇത് വാർത്തകൾ നൽകാനുള്ള മൗലികാവകാശ ലംഘനവും മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണ്. ഇതിനെതിരെ മാധ്യമസുഹൃത്തുക്കളും മാധ്യമ സമൂഹവും ശക്തമായ പ്രതിഷേധം ഉയർത്തണമെന്ന് പ്രസിഡന്റ് കെ പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും പ്രസ്താവനയിൽ പറഞ്ഞു.

