Spread the love

പ്രവര്‍ത്തി ദിനം അഞ്ചു ദിവസമാക്കിയാലും കാഷ്വല്‍ അവധി തൊടരുതെന്ന് സംഘടനകള്‍. മാസത്തില്‍ പത്തുമുതല്‍ 15 ദിവസം വരെ സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞുകിടന്നേക്കും.

 

ആഴ്ച്ചയില്‍ അഞ്ചുദിവസം പ്രവര്‍ത്തി ദിനമാക്കുന്നതിനോട് സര്‍വീസ് സംഘടനകള്‍ക്ക് തത്വത്തില്‍ യോജിച്ചതോടെ ഇനിയുളള ഏക കടമ്പ അവധി മാത്രം. പ്രവര്‍ത്തിദിനം ആറില്‍ നിന്ന് ആഴ്ച്ചയില്‍ അഞ്ചാകുമ്പോഴും അവധിയില്‍ തൊടരുതെന്നാണ് സംഘടനകളുടെ വാദം. അതായത് 20 വാര്‍ഷിക അവധിയുളളത് അതുപോലെ തുടരണം. അതേ സമയം ആഴ്ച്ചയില്‍ അഞ്ചു ദിവസം മാത്രം ജോലി ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എട്ടു കാഷ്വല്‍ അവധിയേ ഉള്ളൂ. പക്ഷേ അവധിയെ തൊടാന്‍ സംഘടനകള്‍ തയാറല്ല.

പൊതുസമൂഹത്തിന്റെ എതിര്‍പ്പ് പരിഗണിച്ച് രണ്ടു തവണ മാറ്റിവച്ച അവധി കാര്യം തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് വീണ്ടും പൊടിതട്ടിയെടുത്തത്. ഡിഎ കുടിശിക ഉള്‍പ്പടെയുളള വിഷയങ്ങളില്‍ സര്‍ക്കാരിനോട് താല്‍പര്യമില്ലാത്തെ ഒരു വിഭാഗത്തെകൂടി കൂടെ കൊണ്ടുവരാനാണ് നീക്കം. സംഘടിത വോട്ട് ബാങ്കായ സര്‍ക്കാര്‍ ജീവനക്കാരുടെ എതിര്‍പ്പ് കുറയ്ക്കാനാണ് ഈ ആലോചന.
ഇതോടെ വില്ലേജ് ഓഫീസ് ഉള്‍പ്പടെയുളള സ്ഥാപനങ്ങള്‍ മാസത്തില്‍ മറ്റ് അവധികള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ കുറഞ്ഞത്പത്തുദിവസത്തിലധികം അടഞ്ഞുകിടക്കും. ഇതര അവധികള്‍ ഉളള മാസങ്ങളില്‍ 15 ദിവസം വരെ ഓഫീസ് പ്രവര്‍ത്തനം മുടങ്ങിയാനും സാധ്യതയുണ്ട്.

ശനിയാഴ്ചത്തെ സമയം മറ്റ് 5 ദിവസങ്ങളില്‍ അധികം സമയം ജോലി ചെയ്തു നികത്താം. നഗരങ്ങളില്‍ രാവിലെ 10.15 മുതല്‍ വൈകിട്ട് 5.15 വരെയും മറ്റിടങ്ങളില്‍ 10 മുതല്‍ 5 വരെയുമാണ് ഇപ്പോള്‍ പ്രവൃത്തി സമയം.ഉച്ചയൂണിന് മുക്കാല്‍ മണിക്കൂര്‍ സമയവുമുണ്ട്. ഉച്ചയൂണിന്റെ സമയം വെട്ടിക്കുറച്ചും ആകെ പ്രവൃത്തിസമയം കൂട്ടിയും പ്രശ്‌നം പരിഹരിക്കാമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു. പക്ഷേ പലയിടത്തും ഓഫീസുകള്‍ പത്തര മുതല്‍ വൈകിട്ട് നാലുവരെമാത്രമാണ് എന്നതാണ് നഗ്നസത്യം.

എണ്‍പതോളം സര്‍വീസ് സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗത്തിന് ചീഫ് സെക്രട്ടറി എ.ജയതിലകും പൊതുഭരണ സെക്രട്ടറി കെ.ബിജുവുമാണ് നേതൃത്വം നല്‍കിയത്.