Spread the love

തെരഞ്ഞെടുപ്പ് ജോലിയെത്തുടർന്ന് അധ്യാപകന് ബെൽ പാൾസി ബാധിച്ച സംഭവം.സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ ഇടപെടൽ

 

പാലക്കാട് (ആലത്തൂർ): തെരഞ്ഞെടുപ്പ് ജോലിയെത്തുടർന്ന് അധ്യാപകന് ബെൽ പാൾസി രോഗം ബാധിച്ച് സംഭവത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ ഇടപെടൽ. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന പഴമ്പാലക്കോട് ഹൈ സ്കൂളിലെ അധ്യാപകനും കവിയുമായ ഡോ. സംഗീത് രവീന്ദ്രൻ്റെ പരാതിയെ തുടർന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ ഉത്തരവുണ്ടായിരിക്കുന്നത്. ജില്ലാ വരണാധികാരിയായപാലക്കാട് ജില്ലാ കളക്ടർക്കാണ് ഡോ. സംഗീതിൻ്റെ ചികിത്സാ രേഖ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ കമ്മിഷൻ നിർദ്ദേശിച്ചിരിക്കുന്നത്.

 

ഇലക്ഷൻ ഡ്യൂട്ടിക്കിടെ പരിക്ക് സംഭവിക്കുന്ന ഉദ്യോഗസ്ഥരുടെ ക്യാഷ് ലെസ് ചികിത്സ സംബന്ധിച്ച് 2024 ൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ഇറക്കിയ ഉത്തരവിൻ്റെ പ്രസക്ത ഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് ഇപ്പോൾ ഉത്തരവ് ഇറക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടം സംഭവിക്കുന്ന ഉദ്യോഗസ്ഥരുടെ പ്രാധമിക ചികിത്സക്കായി അരലക്ഷം രൂപ ജില്ല വരണാധികാരിക്ക് അനുവദിക്കാൻ നിയമ വ്യവസ്ഥയുണ്ട് എന്നും വ്യക്തമാക്കിയിട്ടുണ്ട്.

 

2025 ഡിസംബർ 17 നാണ് ഡോ.സംഗീത് ജില്ലാ വരണാധികാരിക്ക് പ്രത്യേക അവധിയും ചികിത്സാ ചിലവും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയത്. ജില്ലാ വരണാധികാരി ഈ അപേക്ഷ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതിനെ തുടർന്നാണ് 2024 ൽ കമ്മിഷൻ ഇറക്കിയ ഉത്തരവും ഉൾച്ചേർത്ത് ജില്ല വരണാധികാരിക്ക് നിർദ്ദേശം നൽകിയത്.