വാട്സാപ്പിന് രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി. നിയമം പാലിച്ചില്ലെങ്കില്‍ രാജ്യം വിടുക
ന്യൂഡല്‍ഹി: രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജ്യംവിട്ട് പോകണമെന്ന് സോഷ്യല്‍ മീഡിയ വമ്പന്മാരായ വാട്സാപ്പിനോടും മാതൃസ്ഥാപനമായ മെറ്റയോടും സുപ്രീം കോടതി. ഇന്ത്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ ഹനിക്കാന്‍ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
മെറ്റ, വാട്സാപ്പ് തുടങ്ങിയവയുടെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് സുപ്രീം കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. വാട്സാപ്പിന്റെ 2021ലെ സ്വകാര്യത നിയമവുമായി ബന്ധപ്പെട്ട കേസില്‍ 213.14 കോടി രൂപ കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യ പിഴ വിധിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്ത് മെറ്റയും വാട്സാപ്പും നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
മെറ്റയുമായി പൗരന്മാരുടെ സ്വകാര്യ ഡാറ്റ വാട്സാപ്പ് വിവരങ്ങള്‍ പങ്കിട്ടതിനാണ് പിഴ ചുമത്തിയിരുന്നത്. ഡാറ്റ ഷെയറിംഗ് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത വച്ച് കളിക്കാന്‍ അനുവദിക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേസില്‍ ഫെബ്രുവരി പത്തിന് ഉത്തരവിറക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

