Spread the love

കടലൂർ: തമിഴ്‌നാട്ടിലെ കടലൂരിൽ മരുമകളും കാമുകനും ചേർന്ന് 64-കാരനായ ഭർതൃപിതാവിനെ നടുറോഡിൽ വെച്ച് തീകൊളുത്തി കൊന്നു.

അരുംകൊല മകന്റെ ഭാര്യയുടെ വിവേഹതര ബന്ധം ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് രാജേന്ദ്രന്റെ മരുമകൾ ബി ജയപ്രിയ (28), കാമുകൻ ഡി മണികണ്ഠൻ (39) എന്നിവരുൾപ്പെടെ നാല് പേരെ കടലൂർ പോലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച നടന്ന സംഭവത്തിൽ 70 ശതമാനത്തിലേറെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രാജേന്ദ്രൻ ശനിയാഴ്ച കടലൂർ സർക്കാർ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

രാജേന്ദ്രൻ തന്റെ മരുമകൾ ജയപ്രിയയും (28) മണികണ്ഠൻ (39) എന്നയാളും തമ്മിലുള്ള അവിഹിത ബന്ധത്തെ ചോദ്യം ചെയ്തിരുന്നു. ഇത് കുടുംബത്തിൽ വലിയ തർക്കങ്ങൾക്ക് കാരണമായി. ഈ വിരോധം തീർക്കാനാണ് ജയപ്രിയയും കാമുകനും ചേർന്ന് രാജേന്ദ്രനെ വകവരുത്താൻ പദ്ധതിയിട്ടത്.

സംഭവദിവസം ബൈക്കിൽ പോവുകയായിരുന്ന രാജേന്ദ്രനെ മണികണ്ഠനും കൂട്ടാളികളും വഴിയിൽ തടഞ്ഞുനിർത്തുകയും തുടർന്ന് എല്ലാവരും നോക്കിനിൽക്കെ ഇവർ രാജേന്ദ്രന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ രാജേന്ദ്രനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.

തീ കൊളുത്തിയ ശേഷം പ്രതികൾ രക്ഷപ്പെട്ടു. എന്നാൽ സംഭവത്തിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയും വലിയ രീതിയിലെ ജനരോഷത്തിന് കാരണമാവുകയും ചെയ്തിരുന്നു. വീഡിയോ വൈറലായതോടെ കേസ് രജിസ്റ്റർ ചെയ്ത കടലൂർ പൊലീസ് വേഗത്തിൽ അന്വേഷണം തുടങ്ങി. പ്രധാന പ്രതി മണികണ്ഠൻ, മരുമകൾ ജയപ്രിയ എന്നിവരുൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.