രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് വെളിപ്പെടുത്തിയ കുഞ്ഞികൃഷ്ണനെതിരെ സിപിഎം നടപടി വരുന്നു. നാളെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ചേര്‍ന്ന് നടപടി തീരുമാനിക്കുമെന്നാണ് അറിയുന്നത്. കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് സാധ്യത. മേല്‍ കമ്മിറ്റിയുടെ അനുമതിയോടെ നടപടി പ്രഖ്യാപിക്കും.
പാര്‍ട്ടിയെ തിരുത്താനായാണ് താന്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. തെറ്റ് സംഭവിക്കുമ്പോള്‍ വിമര്‍ശനത്തിലൂടെ അത് തിരുത്തിക്കുക എന്നത് ഓരോ സഖാവിന്റേയും ഉത്തരവാദിത്തമാണെന്നാണ് താന്‍ വിശ്വസിക്കുന്നത്. തിരുത്തിയില്ലെങ്കില്‍ ബംഗാളിന്റെ അവസ്ഥ പാര്‍ട്ടിക്ക് കേരളത്തിലുമുണ്ടാകും. തനിക്കെതിരെ ശക്തമായ സൈബര്‍ ആക്രമണം നടക്കുന്നുവെന്നും കുഞ്ഞികൃഷ്ണന് പറഞ്ഞു.
ധനരാജ് രക്തസാക്ഷി ഫണ്ടില്‍ നിന്ന് പയ്യന്നൂര്‍ എം എല്‍ എ ടി ഐ മധുസൂദനന് ഉള്‍പ്പെടെ ഉള്ളവര്‍ ചേര്‍ന്ന് ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു ആരോപണം. തെളിവ് ഉള്‍പ്പെടെ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിട്ടും ആരോപണ വിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും വി.കുഞ്ഞികൃഷ്ണന് പറഞ്ഞിരുന്നു. പാര്‍ട്ടി പയ്യന്നൂര്‍ ഏരിയ കമ്മിറ്റി സെക്രട്ടറിയായിരിക്കെ നടത്തിയ ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചതിനു ശേഷം ആരോപണ വിധേയരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും വി. കുഞ്ഞികൃഷ്ണന് പറഞ്ഞു.

