Spread the love

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന് പിന്നാലെ കോഴിക്കോട് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന. മംഗളുരുവിലേക്കു കടന്നുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമം പൊലീസ് തുടരുകയാണ്.

അതേസമയം ദീപക് പയ്യന്നൂരിൽ അൽ അമീൻ എന്ന സ്വകാര്യ ബസിലാണ് കയറിയതെന്നതിൽ സ്ഥിരീകരണമായി. ബസിന്റെ ഡ്രൈവർ ക്യാബിനു സമീപമുള്ള സിസിടിവിയിലാണ് ദീപക് വെള്ളിയാഴ്ച ബസിലേക്ക് കയറുന്ന ദൃശ്യങ്ങൾ കണ്ടെത്തിയത്. ബസിൽ വലിയ തിരക്കുണ്ടായിരുന്നതിനാൽ മുൻവാതിലിലൂടെ കയറി പിൻഭാഗത്തേക്കു പോയ ദീപക്കിന്റെ മറ്റു ദൃശ്യങ്ങൾ ലഭ്യമായിട്ടില്ല.

അതിനിടെ ദീപക്കിന്‍റെ ദൃശ്യങ്ങൾ ചിത്രീകരിച്ച ഇവരുടെ മൊബൈൽ ഫോണും പൊലീസിന് കണ്ടെടുക്കേണ്ടതുണ്ട്. ബസിലെ ജീവനക്കാരുടെയും മറ്റു യാത്രക്കാരുടെയും മൊഴി അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് രേഖപ്പെടുത്തുമെന്നാണു വിവരം. ബസിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. മോശം അനുഭവം ഉണ്ടായി എന്ന് വിഡിയോ പകർത്തിയ യുവതി പരാതി നൽകുകയോ ശ്രദ്ധയിൽപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നു ബസ് കണ്ടക്ടർപറയുന്നു. ബസ് ഉടമ ഇത്തരത്തിൽ ഒരു വിഡിയോ പ്രചരിക്കുന്നതായി പറഞ്ഞപ്പോഴാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായതായി അറിഞ്ഞതെന്നും ബസ് ജീവനക്കാർ പറയുന്നു.അതേസമയം ഷിംജിത മുൻ‌കൂർ ജാമ്യം നേടാനുള്ള ശ്രമം തുടങ്ങിയതായാണ് സൂചന.